എന്നെ ക്ഷണിക്കുമ്പോഴാണ് പ്രശ്‌നം, എനിക്ക് പകരം ഒരു ബിഷപ്പായിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു: വെള്ളാപ്പള്ളി
കൊച്ചി: സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഫോര്‍ട്ടുകൊച്ചി ജനകീയ ഓണാഘോഷ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ വെള്ളാപ്പള്ളിയെ ആദരിച്ചത് വിവാദമായ സാഹചര്യത്തില്‍ മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍. തന്നെ പരിപാടിക്ക് ക്ഷണിക്കുമ്പോള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്. തനിക്കു പകരം ഒരു ബിഷപ്പായിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ കെ ജെ മാക്‌സി എം.എല്‍.എയാണ് അധ്യക്ഷത വഹിക്കുന്നത്. വാദ്യമേള ഘോഷയാത്രയോടെ വെള്ളാപ്പള്ളി നടേശനെ ആദരിച്ച് ആനയിക്കുന്നു എന്നാണ് പരിപാടിയുടെ നോട്ടീസിലുണ്ടായിരുന്നത്.
ഇത് സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെന്നും കെ ജെ മാക്‌സി എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പരിപാടിയെന്ന് നോട്ടിസില്‍ പറഞ്ഞിരിക്കേയായിരുന്നു കെ ജെ മാക്‌സിയുടെ ന്യായീകരണം.