കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്;പദ്ധതിക്കായി 1226.45 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം
ചിലവ് കുറയ്ക്കുന്നതിന് മലകള്‍ തുരക്കണമെന്നും, കുന്നുകള്‍ നികത്തണമെന്നും പദ്ധതി രേഖയില്‍ പറയുന്നു
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു. കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് കെ റെയിലിന് നല്‍കിയിട്ടുണ്ട്.കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് നിലവില്‍ ഡിപിആറുള്ളത്.
കേരളത്തിലെ നിലവിലുള്ള റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്തമാണെന്നാണ് ഡിപിആറിലെ ന്യായീകരണം.കെ റെയിലിന് ഓരോ വര്‍ഷവും ചിലവേറുമെന്നും ഡിപിആര്‍ ചൂണ്ടിക്കാട്ടുന്നു. അറ്റക്കുറ്റപ്പണിക്ക് ആദ്യത്തെ പത്ത് വര്‍ഷം 542 കോടി രൂപ ചിലവ് വരും. പതിനൊന്നാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം ഇത് 694 കോടി രൂപയായി ഉയരും.3384 കമ്പനി ജീവനക്കാരും 1516 പുറംകരാര്‍ ജീവനക്കാരും കെ റെയില്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പദ്ധതിക്ക് 1226.45 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണ്.107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വേണ്ടിവരും.
കെ റെയില്‍ പദ്ധതി 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍ തണ്ണീര്‍ത്തടങ്ങളിലൂടെയും കടന്നു പോകും.ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ, ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നു. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നു. ചിലവ് കുറയ്ക്കുന്നതിന് മലകള്‍ തുരക്കണമെന്നും, കുന്നുകള്‍ നികത്തണമെന്നും പദ്ധതി രേഖയില്‍ പറയുന്നു.പാതയില്‍ 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും, തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിപിആറില്‍ വിശദീകരിക്കുന്നു.
പദ്ധതി പൂര്‍ത്തിയായാല്‍ ആദ്യ വര്‍ഷം യാത്രക്കാരില്‍ നിന്നും 2276 കോടി രൂപ പ്രതീക്ഷിക്കുന്നു . ആദ്യ വര്‍ഷം 79934 യാത്രക്കാര്‍ പാത ഉപയോഗിക്കും. 2052 ആകുമ്പോള്‍ യാത്രക്കാരുടെ എണ്ണം 1,58636 ആയി ഉയരും. പദ്ധതിയുടെ റൂട്ട് മാപ്പും തുരങ്കങ്ങളുടക്കമുള്ള രൂപ രേഖയും സംക്ഷിപ്ത രേഖയിലുണ്ട്. സൗരോര്‍ജ്ജമാണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുക. കെഎസ്ഇബിയില്‍ നിന്നും സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങും. കമ്പനി ജീവനക്കാരുടെ ശരാശരി വാര്‍ഷികശമ്പളം എട്ടുലക്ഷം രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2026 മുതല്‍ ശമ്പളത്തില്‍ എട്ടുശതമാനം വീതം വര്‍ധനയുമുണ്ടാകും. ഇതോടെ 271 കോടി രൂപ ശമ്പളം നല്‍കാന്‍ വേണ്ടി വരും.സഞ്ചാര വേഗത വര്‍ധിപ്പിക്കാന്‍ കെ റെയില്‍ അനിവാര്യമാണെന്നും പദ്ധതി രേഖയില്‍ പറയുന്നു.