കെ റെയില്‍ പ്രതിഷേധം;പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്ത് ഡല്‍ഹി പോലിസ്

രമ്യ ഹരിദാസ് എംപിയെ ഡല്‍ഹി പോലിസിലെ പുരുഷന്‍മാര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി

Update: 2022-03-24 06:39 GMT

ന്യൂഡല്‍ഹി:കെ റെയില്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാര്‍ക്കെതിരേ ഡല്‍ഹി പോലിസിന്റെ കൈയേറ്റം.ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റു.പോലിസ് ഉദ്യോഗസ്ഥന്‍ ഹൈബി ഈഡന്റെയും,ഡീന്‍ കുര്യാക്കോസിന്റെയും മുഖത്തടിച്ചു. ടിഎന്‍ പ്രതാപനെ പോലിസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരന്‍ എംപിയെയും പോലിസ് പിടിച്ചു തള്ളി.സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ കാരണം മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് പോലിസ് അറിയിക്കുകയായിരുന്നു. തങ്ങള്‍ എംപിമാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെ എംപിമാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.

കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ഡല്‍ഹി പോലിസ് അതിക്രമം ഉണ്ടായത് .സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു.രമ്യ ഹരിദാസ് എംപിയെ ഡല്‍ഹി പോലിസിലെ പുരുഷന്‍മാര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. വനിതാ പോലിസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ലെന്നും രമ്യ ഹരിദാസ് ആരോപിച്ചു.

Tags:    

Similar News