നിയമസഭ കൈയാങ്കളി കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി തള്ളി

Update: 2021-07-28 05:49 GMT

ന്യൂഡല്‍ഹി: നിയമസഭ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രിംകോടതി. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.

വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.

2015ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ കൈയാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യുഡിഎഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍ഡിഎഫിന്റെ ഭാഗമാണ്.

Similar News