ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല;ആശിഷ് മിശ്രയ്ക്ക് ജാമ്യം

ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്

Update: 2022-02-10 09:43 GMT
ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല;ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്.

ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പോലിസ് സമര്‍പ്പിച്ചത്.കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രയ്‌ക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചാര്‍ത്തിയിരുന്നു.

ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന കേസ്.ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരും അറസ്റ്റിലായിരുന്നു.

നേരത്തെയും ആശിഷ് മിശ്ര ജാമ്യാപേക്ഷ നല്‍കിയിരുന്നു എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനിടയിലാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News