ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തതായി ഫോറന്‍സിക് റിപോര്‍ട്ട്

പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള തോക്കുകളില്‍നിന്ന് വെടിയുതിര്‍ത്തിരുന്നുവെന്ന ഫോറന്‍സിക് ലബോറട്ടറി റിപോര്‍ട്ടാണ് പുറത്തുവന്നത്. ഇത്തരമൊരു സ്ഥിരീകരണം വന്നതോടെ കര്‍ഷകര്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

Update: 2021-11-09 13:22 GMT

ലഖ്‌നോ: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്‌ക്കെതിരേ കുരുക്ക് മുറുകുന്നു. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കുനേരേ ആശിഷ് മിശ്ര വെടിവച്ചതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നത്. പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള തോക്കുകളില്‍നിന്ന് വെടിയുതിര്‍ത്തിരുന്നുവെന്ന ഫോറന്‍സിക് ലബോറട്ടറി റിപോര്‍ട്ടാണ് പുറത്തുവന്നത്. ഇത്തരമൊരു സ്ഥിരീകരണം വന്നതോടെ കര്‍ഷകര്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

മകനെ ഏതുവിധേനയും രക്ഷപ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെയും ബിജെപിയുടെയും നീക്കങ്ങള്‍ക്ക് ഫോറന്‍സിക് റിപോര്‍ട്ട് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കര്‍ഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തുന്ന സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കുനേരേ വെടിവച്ചതായി ആദ്യം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള ആയുധങ്ങള്‍ ലഖിംപൂര്‍ ഖേരി പോലിസ് പിടിച്ചെടുത്തത്. എല്ലാ തോക്കുകളും ഒക്ടോബര്‍ 15ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതിന്റെ റിപോര്‍ട്ടാണ് ചൊവ്വാഴ്ച ലഭിച്ചത്. ആക്രമണത്തിനിടെ ആശിഷും അങ്കിതും നിരവധി റൗണ്ട് വെടിയുതിര്‍ത്തതായാണ് കര്‍ഷകര്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ഇരുവരും ഇത് നിഷേധിക്കുകയായിരുന്നു.

ഒക്‌ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കര്‍ഷകര്‍ക്കുനേരേ വാഹനം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ആദ്യമൊന്നും കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റുചെയ്യാതെ പോലിസ് ഒളിച്ചുകളിക്കുകയായിരുന്നു. മകന്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വാദിച്ചത്. പിന്നീട് തെളിവുകള്‍ പുറത്തുവന്നതോടെ ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേര്‍ കേസില്‍ അറസ്റ്റിലായി. യുപി പോലിസിന്റെ അന്വേഷണത്തിനെതിരേ പലതവണ സുപ്രിംകോടതി രംഗത്തുവന്നു.

കേസില്‍ അന്വേഷണം ഇഴയുന്നതും പരസ്പരം ഇടകലര്‍ന്നിരിക്കുന്ന രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും കേന്ദ്ര മന്ത്രിയുടെ മകനെ രക്ഷപ്പെടുത്താനാണെന്ന് സുപ്രിംകോടതി കഴിഞ്ഞദിവസം തുറന്നുപറഞ്ഞു. അന്വേഷം നടത്തുന്ന രീതിയിലും സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണത്തിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും ഇത്ര ശക്തമായി സുപ്രിംകോടതി തന്നെ രംഗത്തുവരുന്നത് അപൂര്‍വമായി മാത്രമാണ്. ഞങ്ങള്‍ രാഷ്ട്രീയഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അന്വേഷണം ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാവട്ടെയെന്നും കോടതി നിര്‍ദേശിച്ചു. ജഡ്ജിയെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്താമെന്ന നിര്‍ദേശം സുപ്രിംകോടതി മുഖവിലയ്‌ക്കെടുത്തില്ല. 4000- 5000 പേര്‍ പങ്കെടുത്ത ഒരു സംഭവത്തില്‍ 23 സാക്ഷികളെ മാത്രം കണ്ടെത്തിയ സര്‍ക്കാര്‍ നടപടിയിലും സുപ്രിംകോടതി സംശയം പ്രകടിപ്പിച്ചു.

Tags:    

Similar News