ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് ലതികാ സുഭാഷിനെ നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്.
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് ലതികാ സുഭാഷിനെ നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്. കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരുടെ യോഗത്തിലാണ് ലതിക പ്രഖ്യാപനം നടത്തിയത്.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ അച്ചടക്ക നടപടി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്ത് ലതിക പ്രതിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടത്തിയ വേറിട്ട പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കൂടാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ലതിക നടത്തിയിരുന്നത്.
ഏറ്റുമാനൂരില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് ലതികയെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും അവസാന നിമിഷംവരെ പരിശ്രമിച്ചു. എന്നാല്‍, ലതിക വഴങ്ങിയില്ല. ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതികയെ നേരിട്ടുകണ്ട് സ്ഥാനാര്‍ഥിയാവരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ലതികയുടെ വിമതനീക്കം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.