ലോക്ക് ഡൗണ്‍ അവസാന ആയുധം; രാജ്യത്ത് നിലവില്‍ അനിവാര്യമല്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ലോക്ക്ഡൗണ്‍ അനിവാര്യമല്ലെന്നും കൊവിഡിനെതിരേ രാജ്യം വലിയ പോരാട്ടത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിനെതിരേ രാജ്യം വലിയ പോരാട്ടം നടത്തുകയാണ്. രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഉണ്ടാവില്ല. അവസാനത്തെ മാര്‍ഗമായി മാത്രമേ ലോക്ക് ഡൗണിനെ കാണുന്നുള്ളൂ. ആരോഗ്യപ്രവര്‍ത്തകര്‍ കുടുംബത്തെ പോലും മറന്ന് കൊവിഡിനെതിരേ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതില്‍ സംശയമില്ല. എങ്കിലും ഇതും നമ്മള്‍ മറികടക്കും. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണ്. കഴിഞ്ഞ വര്‍ഷം കുറച്ച് കൊവിഡ് കേസുകള്‍ വന്നപ്പോള്‍ തന്നെ രാജ്യത്തെ വാക്‌സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു. പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി വാക്‌സിന്‍ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാവുന്നത്.
രണ്ട് ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്. നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്‍മാരെയും ഇതിനോടകം വാക്‌സീനേറ്റ് ചെയ്ത് കഴിഞ്ഞു. ഇന്നലെ സുപ്രധാനമായ മറ്റൊരു തീരുമാനവും എടുത്തു. രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പോവുകയാണ്. രാജ്യത്ത് നിര്‍മിക്കുന്ന വാക്‌സിനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവര്‍ത്തനം ജീവന്‍ രക്ഷിക്കാനായാണ്. കുട്ടികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. കുടിയേറ്റ തൊഴിലാളികള്‍ ആരും പലായനം ചെയ്യേണ്ടതില്ല. എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. വെല്ലുവിളി കടുത്തതാണെങ്കിലും രാജ്യം മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Lockdown Should Be Last Resort, Says PM Modi in Address to Nation