ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല: എല്‍ഡിഎഫ് കണ്‍വീനര്‍
ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തേജസ് വാരികയ്ക്കു നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് എ വിജയരാഘവന്റെ പരാമര്‍ശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സാധാരണഗതിയില്‍ സര്‍ക്കാരിന്റെ വിലയിരുത്തലാവാറില്ല. മൂന്നുവര്‍ഷം മാത്രം പ്രായമുള്ള ഈ സര്‍ക്കാരിന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെങ്കിലും ചെറിയ തോതില്‍ ഭരണത്തിന്റെ ഗുണമേന്‍മകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇടതുപക്ഷം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടും. ഏറ്റവും കൂടുതല്‍ ഇടതുപക്ഷ എംപിമാരുണ്ടാവുന്നത് കേരളത്തില്‍ നിന്നായിരിക്കും. പകുതിയിലേറെ സീറ്റുകള്‍ കിട്ടുമെന്ന് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍തന്നെ പറയാന്‍ കഴിയുമെന്നും വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് പ്രചാരണ വിഭാഗം കണ്‍വീനറും വടകര മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍, എസ്ഡിപിഐ നേതാവ് പി അബ്ദുല്‍ ഹമീദ് തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും അടങ്ങിയ തേജസ് വാരിക കഴിഞ്ഞ ദിവസം വിപണിയിലെത്തി.