കേരളം വിടുമ്പോൾ "കൈ" മറക്കുന്ന മുസ്‌ലിം ലീഗ്

ലീഗ് മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോൺഗ്രസിന് എതിരേയാണ് മത്സരിച്ചത്. ഈ രണ്ട് സംസ്ഥാനങ്ങളിലും യുപിഎക്ക് എതിരേ മത്സരിച്ചത് ഏഴു സീറ്റിൽ

Update: 2019-05-27 06:43 GMT

ന്യുഡൽഹി: കേരളത്തിൽ യുഡിഎഫിലും കേന്ദ്രത്തിൽ യുപിഎയിലും നിലകൊള്ളുന്ന മുസ്‌ലിം ലീഗ് മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോൺഗ്രസിന് എതിരേയാണ് മത്സരിച്ചത്. ഈ രണ്ട് സംസ്ഥാനങ്ങളിലും യുപിഎക്ക് എതിരേ മത്സരിച്ചത് ഏഴു സീറ്റിൽ. ഇത് ഗുണം ചെയ്തത് ബിജെപിക്കും ശിവസേനയ്ക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ബിജെപി ഭരണത്തിന‌് പ്രതിവിധി കോൺഗ്രസാണെന്ന‌് പ്രചരിപ്പിച്ച‌് കേരളത്തിൽ യുഡിഎഫിനൊപ്പം നിലകൊണ്ട വെൽഫെയർ പാർട്ടിയും പശ്ചിമ ബംഗാളിൽ മത്സരിച്ചത് കോൺഗ്രസിനെതിരെയായിരുന്നു. വെൽഫെയർ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ എസ് ക്യു ആർ ഇല്യാസ് മത്സരിച്ച ജംഗിപുരിൽ 21292 വോട്ട് നേടിയിരുന്നു. കോൺഗ്രസിൻറെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടപ്പോൾ പരാജയം അറിഞ്ഞത് അഭിജിത് മുഖർജിയായിരുന്നു.


മുസ്‌ലിം വോട്ടുകൾ ഏറെയുള്ള മഹാരാഷ്ട്രയിലെ ഹിങ്കോളി, റാവർ, കല്ല്യാൺ ലോക്സഭാ മണ്ഡലങ്ങളിൽ മുസ്‌ലിം ലീഗ് യുപിഎ സ്ഥാനാർത്ഥിക്ക് എതിരേ മത്സരിച്ചത് വോട്ടുകൾ ഭിന്നിക്കാനും ശിവസേനക്കും ബിജെപിക്കും ഗുണം ചെയ്തു. റാവർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ഖദ്‌സെ രക്ഷ നിഖിൽ വിജയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഉല്ലാസ് വാസുദേവ പാട്ടിലിനെതിരെ ലീഗ് സ്ഥാനാർഥി റോഷൻ ആര അലി മത്സരിച്ചു. ഹിങ്കോളി മണ്ഡലത്തിൽ ശിവസേനയുടെ ഹേമന്ത് പാട്ടീൽ വിജയിച്ച മണ്ഡലത്തിലും ലീഗ് മത്സരിച്ചിരുന്നു, 6031 വോട്ടാണ് അൽതാഫ് അഹമദ് നേടിയത്. ഇവിടെ സുഭാഷ് റാവു ആയിരുന്നു യുപിഎ സ്ഥാനാർത്ഥിയായി മത്സരിച്ചത്. എൻസിപി മത്സരിച്ച കല്യാൺ മണ്ഡലത്തിലും ലീഗ് ഒറ്റക്ക് മത്സരിച്ചു. മുനീർ അഹ്‌മദ്‌ അൻസാരി ആയിരുന്നു ലീഗ് സ്ഥാനാർഥി, ഇവിടെയും വിജയിച്ചത് ശിവസേന ആയിരുന്നു.


ആന്ധ്രപ്രദേശിൽ "കൈ" മറന്ന് ലീഗ് മത്സരിച്ചത് വിജയവാഡ, നാരസരോപേട്ട്, രാജംപേട്ട് മണ്ഡലങ്ങളിലാണ്. വിജയവാഡയിൽ കോൺഗ്രസ് സ്ഥാനാർഥി നരഹരി സെട്ടിക്കെതിരെ എസ് കെ റിയാസും നാരസരോപേട്ട് മണ്ഡലത്തിൽ കോൺഗ്രസിന്റെ പക്കാല സുരിബാബുവിനെതിരെ സുരഭി ദേവസഹായവും ലീഗ് സ്ഥാനാർഥിയായി. രാജംപേട്ടിൽ കോൺഗ്രസിന്റെ എം ഷാജഹാൻ ബാഷക്കെതിരെ ലീഗ് സ്ഥാനാർഥി ഖാദർ വാലി ഷെയ്ഖ‌് മത്സരിച്ചു. രാജംപേട്ടിൽ കോൺഗ്രസ് നോട്ടയെ പിന്നിലാക്കുന്ന ദയനീയ കാഴ്ചയായിരുന്നു. 1.74 ശതമാനം വോട്ട് നോട്ട നേടിയപ്പോൾ കോൺഗ്രസിന് നേടാനായത് 1.73 ശതമാനമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ എന്നുപറഞ്ഞ് കേരളത്തില്‍ വോട്ട് തേടിയ മുസ്‌ലിം ലീഗാണ് ഇതര സംസ്ഥാനങ്ങളില്‍ ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചത് എന്നതും ശ്രദ്ധേയമാണ്.




Tags:    

Similar News