സക്കറിയയുടെയും കെ എല്‍ മോഹന വര്‍മയുടെയും പെരുമ്പടവം ശ്രീധരന്റെയും മേല്‍നോട്ടത്തില്‍ മുസ് ലിം വിദ്വേഷത്തിന്റെ കൊടുംവിഷം ചീറ്റി 'ജ്വാല' ഇ-മാഗസിന്‍

ലക്ഷദ്വീപില്‍ 99 ശതമാനം മുസ് ലിംകളാണെന്നും അവിടെ ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും കടുത്ത വംശീയ വെറിയോടെയാണ് വിളമ്പുന്നത്. ലക്ഷദ്വീപ് നിവാസികള്‍ക്കെല്ലാം ഭക്ഷ്യവസ്തുക്കള്‍ സൗജന്യമാണെന്നും മിക്കവാറും ആരും തന്നെ സ്ഥിരമായി ജോലിക്കു പോവാറില്ലെന്നും ദ്വീപ് നിവാസികളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് കപ്പല്‍ ഓടിക്കാന്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ 25000 കോടി രൂപ ചെലവാക്കുന്നുവെന്നും യാതൊരു തെളിവുമില്ലാതെ ആരോപിക്കുന്നു.

Update: 2021-06-21 07:32 GMT

കോഴിക്കോട്: സാഹിത്യകാരന്‍മാരായ സക്കറിയയുടെയും കെ എല്‍ മോഹനവര്‍മയുടെയും പെരുമ്പടവം ശ്രീധരന്റെയും ഉപദേശക മേല്‍നോട്ടത്തില്‍ മുസ് ലിം വിദ്വേഷത്തിന്റെ കൊടുംവിഷം ചീറ്റി 'ജ്വാല' ഇ-മാഗസിന്‍. സംഘപരിവാര നുണക്കഥകള്‍ ഏറ്റുപിടിച്ചും അതിനെ വെല്ലുന്നതുമായ രീതിയിലാണ് മുംബൈ ആസ്ഥാനമായുള്ള മലയാളം ഇ-മാഗസിനായ 'ജ്വാല'യുടെ പുതിയ ലക്കം പുറത്തിറക്കിയിരിക്കുന്നത്. യൂനിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷ(യുയുകെഎംഎ-യുക്മ)ന്റെ കീഴില്‍ മുംബൈ ആസ്ഥാനമായി പുറത്തിറക്കുന്ന ജൂണ്‍ 4-ജൂലൈ 14 ലക്കമാണ് വിവാദമായിട്ടുള്ളത്. ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെയും നെന്‍മാറയിലെ സജിത-റഹ് മാന്‍ പ്രണയത്തിന്റെയും മറവില്‍ മുസ് ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷപ്രചാരണമാണ് വാരികയില്‍ പലയിടത്തും ഉള്ളത്.

    ഇപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുള്ളതും കേരള നിയമസഭ ഐക്യകണ്‌ഠ്യേന പ്രമേയം പാസാക്കിയതുമായ ലക്ഷദ്വീപ് വിഷയത്തില്‍ 'ജ്വാല' മുംബൈയുടെ അന്വേഷണം എന്ന പേരില്‍ മുസ് ലിം വിദ്വേഷം പച്ചയ്ക്കു പറയുന്നുണ്ട്. കേരളത്തില്‍ ചില ജില്ലകളില്‍ കുടുംബസമേതം കഴിയുന്ന മുസ് ലിംകള്‍ക്ക് ലക്ഷദ്വീപില്‍ ചിന്ന വീട് ഉണ്ടെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പില്‍ ലക്ഷദ്വീപില്‍ 99 ശതമാനം മുസ് ലിംകളാണെന്നും അവിടെ ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും കൂട്ടംകൂടി കാക്ക ഓടിക്കണ പോലെ ഓടിക്കുമെന്നും കടുത്ത വംശീയ വെറിയോടെയാണ് വിളമ്പുന്നത്. ലക്ഷദ്വീപ് നിവാസികള്‍ക്കെല്ലാം ഭക്ഷ്യവസ്തുക്കള്‍ സൗജന്യമാണെന്നും മിക്കവാറും ആരും തന്നെ സ്ഥിരമായി ജോലിക്കു പോവാറില്ലെന്നും എഴുതിവിടുന്നുണ്ട്. ദ്വീപ് നിവാസികളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് കപ്പല്‍ ഓടിക്കാന്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ 25000 കോടി രൂപ ചെലവാക്കുന്നുവെന്നും യാതൊരു തെളിവുമില്ലാതെ ആരോപിക്കുന്നു. 5000 രൂപയോളം വരുന്ന ടിക്കറ്റിന് വെറും 200 രൂപയാണെന്നും പറയുന്നു. ദ്വീപ് നിവാസികളെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയെന്ന സംഘപരിവാര ലക്ഷ്യത്തിനു ബലമേകാന്‍ വേണ്ടി ഇതിനേക്കാള്‍ ഗുരുതരമായ നുണകളാണ് അടുത്ത വരികളിലുള്ളത്. ദ്വീപിലുള്ള വാടസ് ആപ് ഗ്രൂപ്പുകളെല്ലാം രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരാണ്, 'ഓഖി ദുരന്തം നടന്നപ്പോള്‍ ഇന്ത്യന്‍ നേവിക്കെതിരേ പ്രകടനം നടത്തി', 'വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദ്വീപില്‍ സ്വാതന്ത്ര്യദിനത്തില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തി', ദ്വിപ് ഇന്ന് ജിഹാദികളുടെ പിടിയിലാണ്, കപ്പലില്‍ മയക്കുമരുന്ന് കടത്തിയയാള്‍ പോലിസിനു മുന്നിലൂടെ നെഞ്ചുനിവര്‍ത്തി നടന്നുപോവുന്നു, മഹാത്മാ ഗാന്ധിയുടെ പ്രതിമ പോലും സ്ഥാപിക്കാന്‍ അനുവദിച്ചില്ല എന്നിങ്ങനെ പോവുന്നു വിഷലിപ്തമായ നുണക്കഥകള്‍. കേന്ദ്ര ഭരണപ്രദേശമായ ലക്ഷ്ദ്വീപിലെ പോലിസോ മറ്റോ റിപോര്‍ട്ട് ചെയ്യാത്ത കാര്യങ്ങളാണ് സത്യമെന്ന് തോന്നിക്കുന്ന വിധത്തില്‍ എഴുതിവിട്ടിട്ടുള്ളത്.

   

ലക്ഷദ്വീപിനെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് എഴുതിയ കുറിപ്പ്‌

'കേരളം മുസ് ലിം മതഭീകരരുടെ കൈകളില്‍' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍, വിവിധ കോടതികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉള്‍പ്പെടെ തള്ളിക്കളഞ്ഞ 'ലൗ ജിഹാദ്' ഉണ്ടെന്നു സമര്‍ഥിക്കാന്‍ പച്ചനുളകളു തട്ടിവിടുന്നുണ്ട്. യു എന്‍ ഗോപി നായര്‍ എന്നയാള്‍ എഴുതിയ എഡിറ്റോറിയലില്‍ 'കേരളത്തില്‍ 14 ജില്ലകളിലും മുസ് ലിം മതപഠനത്തിന് സര്‍ക്കാര്‍ കോടികള്‍ നല്‍കുന്നു', 'മുസ് ലിം മതം ഒഴിച്ച് മറ്റു മതങ്ങളെല്ലാം ഹറാം ആണെന്നാണ് അവിടെ പഠിപ്പിക്കുന്നത്', പിണറായിക്ക് പോലും തൊട്ടുകളിക്കാന്‍ സാധ്യമല്ല, വെള്ളിയാഴ്ചകളില്‍ മുഴുകുന്ന തക്ബീര്‍ വിളികള്‍ കൊണ്ട് കേരളം റോഡുകള്‍ നിറഞ്ഞുതുടങ്ങി, അധികാര ഗോപുരങ്ങളില്‍ കയറിപ്പറ്റാന്‍ പര്‍ദ്ദയിട്ടും കാക്കിയും തോക്കും പിടിച്ച് ഇടനാഴികളില്‍ സജീവ സാന്നിധ്യം തുടങ്ങിയ അത്യന്തം പ്രകോപനപരമായ പ്രയോഗങ്ങളാണ് അച്ചടിനിരത്തിയിട്ടുള്ളത്. 'മോദിയും പാളിയ കൊവിഡ് വാക്‌സിന്‍ കച്ചവടവും' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കൂട്ടാളികളെയും വിമര്‍ശിച്ചെന്നു വരുത്തി മറ്റു ലേഖനങ്ങളിലൂടെയും മറ്റും കടുത്ത ഇസ് ലാം വിരോധമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ തന്നെ ഉദ്യോഗസ്ഥ വീഴ്ചയായാണ് കൊവിഡ് പ്രതിരോധം പാളിയതെന്നാണ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ് മുക്തമല്ല, രാജ്യത്തെ കമ്മ്യൂണിസ്റ്റ് മുക്തമാക്കുകയാണ് വേണ്ടതെന്നും ദേവന്‍ തറപ്പില്‍ എന്ന ലേഖകന്‍ ഉപദേശിക്കുന്നുണ്ട്. വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെയും തീവ്രവാദ ചാപ്പയടിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെ ''ഏറിയാല്‍ 50/100 വര്‍ഷത്തിനുള്ളില്‍ മനുഷ്യന് മൂന്നു കാപ്‌സ്യൂള്‍ മതി വിശപ്പടക്കാന്‍, അന്ന് കര്‍ഷകരോ കാര്‍ഷിക ഉല്‍പ്പന്നങ്ങളോ അവശ്യമില്ലെന്നും മൂന്നോ നാലോ ഗുളിക കൊണ്ട് വിശപ്പടയ്ക്കാമെന്നുമാണ് പരിഹസിക്കുന്നത്. മൊഴി ചൊല്ലിയ പെണ്ണ് എന്ന തലക്കെട്ടില്‍ സിന്ധു ഗാമ എഴുതിയ കവിതയില്‍ ചെറുപ്രായത്തില്‍ വിവാഹിതരാവുന്ന പെണ്‍കുട്ടികളെ കുറിച്ചാണ് പരാമര്‍ശമെങ്കിലും നല്‍കിയ ചിത്രമാവട്ടെ തൊപ്പിയും പര്‍ദ്ദയുമാണ്.   

കേരളം മുസ് ലിം മതഭീകരരുടെ കൈകളില്‍ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയല്‍

    പ്രമുഖ എഴുത്തുകാരായ സക്കറിയയും കെ എല്‍ മോഹനവര്‍മയും പെരുമ്പടവം ശ്രീധരനുമെല്ലാം ഉപദേശക സമിതിയിലുള്ള പ്രവാസി മലയാളികളുടെ മാസികയിലാണ് ഇത്തരത്തിലുള്ള വിഷം ചീറ്റല്‍ എന്നത് നിഷ്പക്ഷരായ വായനക്കാരില്‍ പോലും ഇസ് ലാം വിരോധം വളര്‍ത്തുമെന്നുറപ്പാണ്. ഈയിടെയായി സംഘപരിവാരത്തോടൊപ്പം ചേര്‍ന്ന് ചില ക്രൈസ്തവ സഭകള്‍ മുസ് ലിംകള്‍ക്കെതിരേ 'ലൗ ജിഹാദ്', സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനധികൃതമായി കൈവശപ്പെടുത്തല്‍ തുടങ്ങിയ പച്ചക്കള്ളം ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയ വിഷയത്തില്‍ പോലും മാസികയില്‍ പച്ചനുണയാണ് ആവര്‍ത്തിക്കുന്നത്. ഇത്തരം ക്രൈസ്തവ സഭകളുടെ നീക്കത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് പരസ്യമായി ആഹ്വാനം ചെയ്ത സക്കറിയയുടെ ഇരട്ടത്താപ്പും ഇതോടെ പുറത്താവുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. സാഹിത്യ അക്കാദമി സെക്രട്ടറിയായും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖ്യപത്രാധിപരും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള നോവലിസ്റ്റുമായ കെ എല്‍ മോഹനവര്‍മയും സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി വരെ അലങ്കരിച്ച പ്രമുഖ ചെറുകഥാ കൃത്ത് പെരുമ്പടവം ശ്രീധരനും ഉപദേശക സമിതിയിലുണ്ട്. ഇവര്‍ മൂന്നുപേര്‍ക്കും പുറമെ, ബാബു കുഴിമ്മറ്റം എന്നയാളും ഉപദേശക സമിതിയിലുണ്ട്. പ്രസ്തുത മാസികയുടെ എഡിറ്റര്‍ യു എന്‍ ഗോപി നായരാണ്.

Muslim hate puplished in 'Jwala' e-magazine; Zachariya, KL Mohanavarma and Perumpadavam Sreedharan also advisory board

Tags:    

Similar News