ഹിന്ദുത്വ ഭരണകൂടം യുപിയില്‍ മറ്റൊരു മസ്ജിദ് കൂടി തകര്‍ത്തു
കോടതി ഉത്തരവിനെകാറ്റില്‍ പറത്തി ബാരാബങ്കിയിലെ പള്ളി തകര്‍ത്തെറിഞ്ഞതില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് ഭരണകൂടം മുസാഫര്‍നഗറിലെ ഖത്തൗലിയിലെ മറ്റൊരു പള്ളി കൂടി തകര്‍ത്തിരിക്കുന്നത്.
ലഖ്‌നൗ: യോഗി ആതിഥ്യനാഥ് നേതൃത്വം നല്‍കുന്ന യുപിയിലെ ഹിന്ദുത്വ ഭരണകൂടം മറ്റൊരു പള്ളി കൂടി തകര്‍ത്തു. കോടതി ഉത്തരവിനെകാറ്റില്‍ പറത്തി ബാരാബങ്കിയിലെ പള്ളി തകര്‍ത്തെറിഞ്ഞതില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് ഭരണകൂടം മുസാഫര്‍നഗറിലെ ഖത്തൗലിയിലെ മറ്റൊരു പള്ളി കൂടി തകര്‍ത്തിരിക്കുന്നത്.
വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള മസ്ജിദ് അകാരണമായി പോലിസ് പൊളിച്ചുമാറ്റുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. ബാരാബങ്കി ഗരീബ് നവാസ് മസ്ജിദ് തകര്‍ത്തതിനു ശേഷമുള്ള രണ്ടാമത്തെ സംഭവമാണിതെന്ന് മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ആരിഫ് ഷാ ട്വീറ്റ് ചെയ്തു.
''മുസാഫര്‍നഗറിലെ ഖതൗലിയില്‍ ഒരു മസ്ജിദ് കൂടി പൊളിച്ചു. സ്വത്ത് മുസ്‌ലിം വക്ഫ് ബോര്‍ഡിന്റേതാണെന്നും അകാരണമായി പോലിസ് പള്ളി പൊളിച്ചുമാറ്റിയെന്നും പ്രദേശവാസികള്‍ പറയുന്നു. ബാരാബങ്കി ഗരീബ് നവാസ് മസ്ജിദിന് ശേഷമുള്ള രണ്ടാമത്തെ സംഭവമാണിത്''-ആരിഫ് ഷാ ട്വീറ്റ് ചെയ്തു
ഒരാഴ്ച മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ബാരാബങ്കി ജില്ലയിലെ രാം സനേഹി ഘട്ട് പ്രദേശത്തെ നൂറ്റാണ്ട് പഴക്കമുള്ള പള്ളി എസ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ക്കുകയും അവശിഷ്ടങ്ങള്‍ സമീപത്തെ നദിയില്‍ തള്ളുകയും ചെയ്തിരുന്നു. പള്ളി യഥാസ്ഥാനത്ത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് യുപി സുന്നി വഖ്ഫ് ബോര്‍ഡ് അറിയിച്ചിരുന്നു. ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റകൃത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സുന്നി വക്ഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മുസഫര്‍നഗറിലെ ഖതൗലിയില്‍ പള്ളി തകര്‍ത്തതിനെക്കുറിച്ച് അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല