മൈസൂരു കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റില്‍; വിവരങ്ങള്‍ പുറത്ത് വിട്ട് കര്‍ണാടക ഡിജിപി

Update: 2021-08-28 08:48 GMT

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായി കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ്. തൊഴിലാളികളായ തിരിപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം 35 പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.


തിരുപ്പൂര്‍ സ്വദേശികളായ പ്രതികള്‍ ഇടക്കിടെ മൈസൂര്‍ സന്ദര്‍ശിക്കാറുണ്ടെന്ന് ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈവര്‍, ആശാരി, പെയിന്റര്‍ ഉള്‍പ്പടെ തൊഴിലാളികളാണ് അറസ്റ്റിലായവര്‍. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി കര്‍ണാടക സ്വദേശിയല്ല. അബോധാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡിജിപി പറഞ്ഞു. ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ എത്തി നാട്ടിലേക്ക് കൊണ്ട് പോയി. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തില്‍ നിന്നും ലഭിച്ച വിവരങ്ങളും പൂര്‍ണമല്ല. സാങ്കേതിക വിദ്യായുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയതെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അറസ്റ്റിലായ 17 കാരനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. 16 വയസ്സിന് ശേഷം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സാധാരണ കോടതിയില്‍ തന്നെ ഹാജരാക്കും.

കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും പോലിസ് പറഞ്ഞു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പോലിസിന്റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തിലായിരുന്നു പോലിസെത്തിയത്. അതേസമയം പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ച് കൊല്ലണമെന്ന എച്ച് ഡി കുമാരസ്വാമിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിക്കരുത്. ഹൈദരാബാദ് പോലിസിന്റെ നടപടി കര്‍ണാടകയും മാതൃകയാക്കണമെന്നായിരുന്നു മുന്‍മുഖ്യമന്ത്രി പറഞ്ഞത്.

Tags:    

Similar News