കക്കൂസില്‍ പോകാനനുവദിക്കാതെ കട്ടിലില്‍ കെട്ടിയിട്ടു; സിദ്ദീഖ് കാപ്പന് ആശുപത്രിയില്‍ ക്രൂര പീഡനം

തീരെ അവശനായ സിദ്ദീഖിനെ ആശുപത്രിയിലെ കട്ടിലില്‍ ഇരുമ്പു ചങ്ങലകളാല്‍ കെട്ടിയിട്ടിരുക്കുകയാണ്. മൂത്രമൊഴിക്കാനായി ഒരു ബോട്ടില്‍ നല്‍കി. കക്കൂസില്‍ പോകാന്‍ അനുവദിക്കുന്നില്ല

Update: 2021-04-24 15:55 GMT

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ബിജെപി ഭരണകൂടം കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ആശുപത്രിയിലും ക്രൂരപീഡനം. കൊവിഡ് ബാധിതനായി ജയിലില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് മഥുര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖിന് മാനുഷിക പരിഗണനകള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ഇന്ന് മറ്റൊരാളുടെ ഫോണില്‍ ഭാര്യ റൈഹാനത്തുമായി സംസാരിച്ചപ്പോഴാണ് ആശുപത്രിയില്‍ നേരിടുന്ന കൊടുംപീഡനത്തെ കുറിച്ച് സിദ്ദീഖ് പറഞ്ഞത്.

    തീരെ അവശനായ സിദ്ദീഖിനെ ആശുപത്രിയിലെ കട്ടിലില്‍ ഇരുമ്പു ചങ്ങലകളാല്‍ കെട്ടിയിട്ടിരുക്കുകയാണ്. മൂത്രമൊഴിക്കാനായി ഒരു ബോട്ടില്‍ നല്‍കി. കക്കൂസില്‍ പോകാന്‍ അനുവദിക്കുന്നില്ല. ആശുപത്രിയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇരുവരെ കക്കൂസില്‍ പോകാന്‍ ചങ്ങലയില്‍ നിന്നും മോചിപ്പിച്ചിട്ടില്ല. എങ്ങിനെയെങ്കിലും ജയിലിലേക്കെത്തിയാല്‍ മതിയെന്നും ആശുപത്രിയിലെ പീഡനം സഹിക്കാനാവുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞതായി റൈഹാനത്ത് അറിയിച്ചു.

    സിദ്ദീഖ് കാപ്പന്റെ ജീവന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന് ജയിലില്‍ നാലു ദിവസമായി ഭക്ഷണമോ, കക്കൂസില്‍ പോകാനുള്ള സൗകര്യമോ നല്‍കുന്നില്ലെന്നും അതിനാല്‍ മഥുര മെഡിക്കല്‍ കോളെജില്‍ നിന്നും ജയിലിലേക്കു തന്നെ തിരികെ അയക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യു മുഖേനയാണ് ഹരജി നല്‍കിയത്.

    നേരത്തെ സിദ്ദീഖിന്റെ ആരോഗ്യത്തിനു ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് വിദഗ്ധ ചികില്‍സക്കായി അദ്ദേഹത്തെ ന്യൂഡല്‍ഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യു മുഖേന കേരള പത്രപ്രവര്‍ത്തക യൂണിയനും സിദ്ദീഖിന്റെ ഭാര്യയും കഴിഞ്ഞ സുപ്രിം കോടതിയില്‍ അടിയന്തിര ഹരജി സമര്‍പ്പിച്ചിരുന്നു.

Tags:    

Similar News