മോദി സര്‍ക്കാരിലെ 89 സെക്രട്ടറിമാരില്‍ ഒബിസിക്കാരില്ല; ദലിതന്‍ ഒന്നുമാത്രം

കേന്ദ്രസര്‍ക്കാരിലെ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ തലങ്ങളില്‍ പോലും എസ്‌സി/ എസ്ടി/ഒബിസി ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറഞ്ഞുവരികയാണ്

Update: 2019-08-06 12:05 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയമിച്ച 89 സെക്രട്ടറിമാരില്‍ ഒബിസി(മുസ്‌ലിം, ഈഴവര്‍, ധീവരര്‍, ലത്തീന്‍ കത്തോലിക്കര്‍ തുടങ്ങിയ മറ്റു പിന്നാക്ക വിഭാഗം)യില്‍ പെട്ട ഒരാളെ പോലും പരിഗണിച്ചില്ല. പട്ടികവര്‍ഗത്തില്‍പെട്ട മൂന്നുപേര്‍ക്ക് നിയമനം ലഭിച്ചപ്പോള്‍ ദലിത് വിഭാഗത്തില്‍ നിന്ന് ഒരാളെ മാത്രമാണ് പരിഗണിച്ചത്. പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വച്ച രേഖകളിലാണ് ഗവ. സെക്രട്ടറി മുതല്‍ താഴോട്ടുള്ള നിയമനങ്ങളില്‍ ജാതി-മത വിവേചനം വ്യക്തമാക്കുന്ന കണക്കുകളുള്ളത്. സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ നിര്‍ണായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിഭാഗമായ സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തസ്തികകളില്‍ മുസ് ലിം, ദലിത് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് ഇതില്‍നിന്നു ബോധ്യപ്പെടുന്നത്. പഴ്‌സനല്‍, പൊതുകാര്യ മന്ത്രാലയത്തിന്റെ രേഖകളെ ഉദ്ധരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. സെക്രട്ടറിമാരില്‍ ഭൂരിഭാഗവും ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇതിനുപുറമെ, കേന്ദ്രസര്‍ക്കാരിലെ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ തലങ്ങളില്‍ പോലും എസ്‌സി/ എസ്ടി/ഒബിസി ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറഞ്ഞുവരികയാണ്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ 93 അഡീഷനല്‍ സെക്രട്ടറിമാരില്‍ ആറുപേര്‍ മാത്രമാണ് പട്ടികജാതിയിലുള്ളവര്‍. പട്ടികവര്‍ഗക്കാര്‍ വെറും അഞ്ചുപേരാണ്. ഇവിടെയും ഒബിസിക്കാര്‍ പടിക്കു പുറത്ത് തന്നെയാണ്. 275 ജോയിന്റ് സെക്രട്ടറിമാരില്‍ എസ് സി-13(4.73 ശതമാനം), എസ്ടി-9(3.27 ശതമാനം), ഒബിസി(19) എന്നിങ്ങനെയാണു നിയമിച്ചിട്ടുള്ളത്. 1993 മുതലാണ് ഒബിസി മന്ത്രാലയം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചതെന്നു ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ജോലികളില്‍ 27.5 ശതമാനം സംവരണം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സെക്രട്ടറിമാരെ നിയമിക്കുമ്പോള്‍ പട്ടികജാതി വിഭാഗത്തിനു 15 ശതമാനവും പട്ടിക വര്‍ഗക്കാര്‍ 7.5 ശതമാനവും വേണം. എന്നാല്‍, ഇതുസംബന്ധിച്ച് പഴ്‌സനല്‍, പൊതുകാര്യ മന്ത്രാലയത്തെ ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഔദ്യോഗികമായ മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്നും ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു.

    എസ്‌സി/എസ്ടി വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നുവെന്നും ഉന്നതങ്ങളില്‍ എത്താന്‍ അനുവദിക്കുന്നില്ലെന്നും നേരത്തേ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫിസറായിരുന്ന പട്ടികജാതിയില്‍പ്പെട്ട മുന്‍ ബിജെപി എംപി ഉദിത് രാജ് ആരോപിച്ചിരുന്നു. ഇദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഞാന്‍ ബിജെപിയില്‍ ഉണ്ടായിരുന്നപ്പോള്‍, സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിനെ ചോദ്യംചെയ്യാറുണ്ടെങ്കിലും ആരും മുഖവിലക്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ സംവരണം ബാധമല്ലെന്നാണ് ഐഎഎസ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന, പേര് വ്യക്തമാക്കരുതെന്ന് അഭ്യര്‍ഥിച്ച ഐഎഎസ് ഓഫിസര്‍ പറഞ്ഞത്. വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് നിയമനം നടത്തുന്നത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരില്‍ എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരില്ലെങ്കില്‍ തസ്തികയിലെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News