ഓണ്‍ ലൈന്‍ ഗെയിം:ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കളഞ്ഞത് മൂന്നു ലക്ഷത്തോളം രൂപ; പണം നഷ്ടപ്പെട്ടത് അമ്മയുടെ അക്കൗണ്ടില്‍ നിന്ന്

വീട്ടമ്മയുടെ പരാതിയുടെ അടസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയര്‍ എന്ന ഗയിം കളിച്ചാണ് 'പയ്യന്‍' കാശ് കളഞ്ഞതെന്ന് മനസിലായത്

Update: 2021-06-18 12:10 GMT

കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാര്‍ഥിയുടെ അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് കളഞ്ഞത്.അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടുവെന്ന വീട്ടമ്മയുടെ പരാതിയുടെ അടസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയര്‍ എന്ന ഗയിം കളിച്ചാണ് 'പയ്യന്‍' കാശ് കളഞ്ഞതെന്ന് മനസിലായത്. ഗെയിം ലഹരിയായ വിദ്യാര്‍ഥി നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ഒരു സമയം ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാര്‍ജ് ചെയ്തിട്ടുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍ നിന്നും പോയതായി അറിഞ്ഞത്. അപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ ഫോണുകള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കള്‍ക്ക് കൂടി അറിയുന്ന യൂസര്‍ ഐഡിയും, പാസ് വേഡുകളും മാത്രമേ അക്കൗണ്ടുകളിലും, ഫോണ്‍ ലോക്കിലും ഉപയോഗിക്കാവു. കുട്ടികള്‍ പഠനാവശ്യത്തിനു മാത്രമേ മൊബൈല്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക. നിരോധിച്ച ഗയിമുകളും , ആപ്പുകളും ഉപയോഗിക്കുന്നില്ല എന്ന് ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകള്‍ മൊബൈലില്‍ ഇല്ലെന്നും ഉറപ്പു വരുത്തണം.

കുട്ടികള്‍ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണില്‍ പേരന്റല്‍ കണ്‍ട്രോള്‍ ആയിട്ടുള്ള ഈമെയില്‍ ക്രിയേറ്റ് ചെയ്യുക. അസമയങ്ങളിലും, കൂടുതല്‍ സമയവും മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. മാതാപിതാക്കളുടെ ഒണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാതിരിക്കുക. സ്‌കൂളില്‍ നിന്ന് പഠനാവശ്യങ്ങള്‍ക്ക് അധ്യാപകര്‍ അയക്കുന്ന ലിങ്കുകള്‍ മറ്റൊരാള്‍ക്കും പങ്കുവയ്ക്കരുത്. ഇങ്ങനെ പങ്കു വച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്ന് എസ്.പി. കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News