സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: അധ്യാപകരുടേയും ഡ്യൂട്ടി ഡോക്ടറുടേയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് പോലിസ് ഹൈക്കോടതിയില്‍

ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ സി വി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് മാനന്തവാടി അസി. പോലിസ് കമ്മിഷണര്‍ വൈഭവ് സക്സേനയുെട രേഖാമൂലമുള്ള വിശദീകരണം

Update: 2019-12-10 14:28 GMT

കൊച്ചി: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകരുടേയും ഡ്യൂട്ടി ഡോക്ടറുടേയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി പോലിസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ സി വി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് മാനന്തവാടി അസി. പോലിസ് കമ്മിഷണര്‍ വൈഭവ് സക്സേനയുെട രേഖാമൂലമുള്ള വിശദീകരണം.

നവംബര്‍ 20നാണ് ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കടിയേറ്റ് ഏറെ നേരം കിടന്നിട്ടും അധ്യാപകന്‍ ഷജില്‍ കുട്ടിക്ക് അടിയന്തര ചികില്‍സാ സഹായം ലഭ്യമാക്കുന്നത് വൈകിപ്പിച്ചതായി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കുട്ടിക്ക് പരിചരണവും സഹായവും നല്‍കുന്നതില്‍ നിന്ന് സഹപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളേയും പിന്തിരിപ്പിച്ചു. കുട്ടിയെ പാമ്പു കടിച്ചതാണെന്ന് അറിഞ്ഞിട്ടും ഇത്തരം നടപടി സ്വീകരിച്ചത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ബാല നീതി നിയമ പ്രകാരവും കുറ്റകരമാണ്. വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്റെ മുറിക്കു സമീപമാണ് കുട്ടിയെ കിടത്തിയിരുന്ന ക്ലാസ് റൂം. കാര്യങ്ങളെല്ലാം നേരിട്ട് കാണാവുന്ന രീതിയിലായിരുന്നിട്ടും വീഴ്ച വരുത്തി. കുട്ടിക്ക് അടിയന്തര ചികില്‍സ സഹായം നല്‍കാനോ മറ്റുള്ളവരോട് ഇക്കാര്യം നിര്‍ദേശിക്കാനോ നടപടിയുണ്ടായില്ല. കുട്ടിക്ക് പാമ്പു കടിയേറ്റതാണെന്ന് വ്യക്തമായിട്ടും ആന്റിവെനം (പ്രതിവിഷം) നല്‍കാതെ വിലയേറിയ ഒരു മണിക്കൂറോളം സമയമാണ് ഡോ. ജിസ പാഴാക്കിയതെന്നും വിശദീകരണത്തില്‍ പറയുന്നു.

Tags:    

Similar News