പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് പങ്കെന്ന് സൂരജ്; കരാറുകാരന് 8.25 കോടി രൂപ നല്‍കാന്‍ നിര്‍ദേശിച്ചു
കരാറുകാരന് 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.പലിശയില്ലാതെ പണം നല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. മുന്‍കൂര്‍ പണം ആദ്യ നാല് ബില്ലില്‍ തന്നെ തിരിച്ചുപിടിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കെന്ന് കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. കരാറുകാരന് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് പൊതുമരാമത്ത് മന്ത്രിയാണെന്നു ടിഒ സൂരജ് ജാമ്യാപേക്ഷയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കരാറുകാരന് 8.25 കോടി രൂപ മന്ത്രിയുടെ നിര്‍ദേശാനുസരണം നല്‍കിയെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.പലിശയില്ലാതെ പണം നല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. മുന്‍കൂര്‍ പണം ആദ്യ നാല് ബില്ലില്‍ തന്നെ തിരിച്ചുപിടിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ ടിഒ സൂരജ് ഉള്‍പ്പെടെ 4 പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുടെ ആരംഭം സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ അഡീഷനല്‍ മാനേജര്‍ എംടി തങ്കച്ചന്‍ എന്നിവരാണ് റിമാന്‍ഡിലായ മറ്റു പ്രതികള്‍. ഇവരെ നേരത്തെ ചോദ്യം ചെയ്തു കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
പാലത്തിന്റെ രൂപരേഖയില്‍ വിദഗ്ധ സംഘം അപാകതകള്‍ കണ്ടെത്തിയിരുന്നു. ഈ രൂപരേഖ അംഗീകരിച്ചത് സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്താണ്. മേല്‍പാലത്തിന്റെ നിര്‍മാണത്തില്‍ സര്‍ക്കാരിന് അധികബാധ്യത ഇല്ലെന്നും നിര്‍മാണക്കരാര്‍ പ്രകാരം പാലത്തിന്റെ നിര്‍മിതിയിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം പൂര്‍ണമായും കരാറുകാരനാണെന്നുമുള്ള നിലപാടാണ് സൂരജ് സ്വീകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കിറ്റ്‌കോ സൂപ്പര്‍വൈസര്‍ ഭാമ നല്‍കിയ ഹരജി കോടതി പിന്നീട് പരിഗണിക്കും.
അതേസമയം, സൂരജിന്റെ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ആരോപിച്ച് എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു. ഇബ്രാഹിം കുഞ്ഞിന് എതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം നടത്തുകയും ചെയ്തിരുന്നു.