'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര്‍ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ ജോര്‍ജിനെ സംരക്ഷിക്കുന്നു'; ബിജെപിയുടെ കാപട്യം തുറന്നുകാട്ടി പിണറായി വിജയന്‍
തൃക്കാക്കര: ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപക അക്രമം അഴിച്ചുവിടുകയും ക്രൈസ്തവരെ ചുട്ടുകൊല്ലുകയും ചെയ്ത സംഘ്പരിവാര്‍ ഇപ്പോള്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കാനെന്ന പേരില്‍ വര്‍ഗീയ വിഷം ചീറ്റിയ ജോര്‍ജിനെ സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംഘ്പരിവാറിലെ ബജ്‌റംഗ്ദളുകാര്‍ ഒരുപാട് ആരാധനാലയങ്ങളും സ്‌കൂളുകളും തീവെച്ച് നശിപ്പിച്ചു. ഇതിന് തുടര്‍ച്ചയായാണ് '99ല്‍ ഗ്രഹാം സ്‌റ്റെയിനെയും പിഞ്ചുമക്കളെയും ചുട്ടുകൊന്നത്. 2008ല്‍ ഒഡീഷയിലും ക്രൈസ്തവര്‍ക്കെതിരെ വ്യാപക കലാപം നടത്തി. ഇപ്പോള്‍ ക്രൈസ്തവ സംരക്ഷണത്തിന് വേണ്ടി വര്‍ഗീയ വിഷം ചീറ്റിയയാളെ സംരക്ഷിക്കുന്നുവെന്ന് പറഞ്ഞവരാണ് അന്ന് 38 ജീവനുകള്‍ അപഹരിച്ചത്' മുഖ്യമന്ത്രി പറഞ്ഞു.
'നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയുമാണ് ആര്‍എസ്എസ് ഏറ്റവും കൂടുതല്‍ വേട്ടയാടിയത്. ആ വേട്ടയാടല്‍ ഇപ്പോഴും തുടരുന്നുണ്ട്. ആ വേട്ടയാടലില്‍ നമ്മുടെ രാജ്യം മാത്രമല്ല ലോകം തന്നെ വിറങ്ങലിച്ചിരുന്നു. ഗ്രഹാം സ്‌റ്റെയിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന സംഭവം ആരും മറക്കാന്‍ ഇടയലില്ല. ഈ രാജ്യം എത്രമാത്രം ക്രൂരമായി ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്നു എന്ന രീതിയില്‍ ആണ് മറ്റുരാഷ്ട്രങ്ങള്‍ അതിനെ കണ്ടത്. സംഘ്പരിവാര്‍ ചെയ്ത ആ നടപടിക്കെതിരെ ലോകമാകെ തിരിഞ്ഞു. 1998ല്‍ ഗുജറാത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ സംഘ്പരിവാര്‍ അഴിച്ചുവിട്ട കലാപവും മറക്കാന്‍ ഇടയില്ല. അതിനെ തുടര്‍ന്ന് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ അതേ നടപടിയും നിലപാടും തുടര്‍ന്നു.
ഇപ്പോള്‍ ക്രിസ്ത്യാനിയെ സംരക്ഷിക്കുന്നതിനാണ് ഈ മാന്യനെ പിന്താങ്ങുന്നത് എന്ന് അവര്‍ പറയുന്നത് ജനങ്ങളുടെ ധാരണയെ വെല്ലുവിളിക്കലാണെന്നും തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.