റഫേല്‍: പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടത് സുപ്രിംകോടതിയില്‍നിന്ന് കേന്ദ്രം മറച്ചുവച്ചു

Update: 2019-02-09 04:27 GMT

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ നില കൂടുതല്‍ പരുങ്ങലിലായി മോദി. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ സമാന്തര ചര്‍ച്ചയുടെ വിവരങ്ങള്‍ കേന്ദ്രം സുപ്രിംകോടതിയില്‍ അറിയിച്ചില്ലെന്ന കാര്യം പുറത്തുവന്നു. സമാന്തര ചര്‍ച്ചയെ കുറിച്ച് ദ ഹിന്ദു ദിനപത്രം റിപോര്‍ട്ടു പുറത്തുവിട്ടതിന് പിന്നാലെയാണ്, സമാന്തര ചര്‍ച്ചയുടെ വിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിച്ചില്ലെന്ന കാര്യവും പുറത്തുവരുന്നത്. പുതിയ റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും മാധ്യമങ്ങളെ കണ്ടേക്കും. റാഫേല്‍ ഇടപാടിനു ഫ്രഞ്ച് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യവും സുപ്രിംകോടതിയെ അറിയിച്ചിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഏഴംഗ സംഘത്തിനാണു കരാര്‍ ചര്‍ച്ചകളുടെ ഉത്തരവാദിത്തമെന്നാണു കേന്ദ്രം കോടതിയെ അറിയിച്ചത്. ഏഴംഗ സംഘത്തിന്റെ ചര്‍ച്ചയില്‍ സോവറിന്‍ ഗ്യാരന്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇടപാടിന് ഫ്രഞ്ച് സര്‍ക്കാര്‍ സോവറിന്‍ ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യം സുപ്രിംകോടതിയെ അറിയിച്ചില്ലെന്നുമുളള വിവരവും പുറത്തുവന്നു. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് 30000 കോടി രൂപ അനില്‍ അംബാനിയ്ക്ക് നല്‍കിയെന്ന് തെളിഞ്ഞതായി രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Similar News