കത്തിയുമായി പാര്‍ലമെന്റില്‍ കയറാന്‍ ശ്രമിച്ച ആള്‍ദൈവ അനുയായി പിടിയില്‍
ദേരാ സച്ച സൗദ മേധാവിയും ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായിയുമാണ് ഇയാള്‍
ന്യൂഡല്‍ഹി: കത്തിയുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാനെത്തിയ ആള്‍ദൈവ അനുയായിയെ സുരക്ഷാസൈനികര്‍ പിടികൂടി. ന്യൂഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ താമസിക്കുന്ന സാഗര്‍ ഇന്‍സ(25)യെയാണ് പിടികൂടിയത്. ദേരാ സച്ച സൗദ മേധാവിയും ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായിയുമാണ് ഇയാള്‍. പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് കസ്റ്റഡിയിലെടുത്ത് യുവാവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഗേറ്റ് നമ്പര്‍ ഒന്നില്‍നിന്നാണ് സാഗറിനെ അറസ്റ്റ് ചെയ്തത്. ലക്ഷ്മി നഗറില്‍ നിന്നുള്ളയാളാണെന്നും മതസംഘടനയുമായി ബന്ധമുണ്ടെന്നും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനെത്തിയിട്ടുണ്ടെന്ന് ന്യൂഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഐഷ് സിംഗാള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസിനോടു പറഞ്ഞു.
Full View
വീഡിയോ കടപ്പാട്: ടൈംസ് നൗ
യുവാവില്‍ നിന്ന് കത്തിയും യുവാവ് സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും കണ്ടെടുത്തിട്ടുണ്ട്. തെരുവ് കച്ചവടക്കാരായ യുവാവ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. മോട്ടോര്‍ ബൈക്ക് സഹോദരന്റേതാണെന്നാണ് പോലിസ് കണ്ടെത്തല്‍. പിടിയിലായപ്പോള്‍ തന്റെ സംഘടനയെ പരാമര്‍ശിച്ച് മുദ്രാവാക്യം വിളിക്കാനും ശ്രമം നടത്തി. എന്നാല്‍, ആക്രമണം ലക്ഷ്യമിട്ടാണോ എത്തിയതെന്നും പിന്നിലെ കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് ന്യൂഡല്‍ഹി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുറപ്പാണ്.