അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരേ പോലിസ് അതിക്രമം

Update: 2021-08-08 10:56 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരേ പോലിസ് അതിക്രമം. ഷോളയൂര്‍ വട്ടലക്കി ഊരിലെ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയും പാലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്ന് ആരോപിച്ച് ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മുരുകനെയും 17 വയസ്സുളള മകനെയും പോലിസ് മര്‍ദിച്ചെന്നും ആരോപണമുണ്ട്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലിസ് നടപടി. ദിവസങ്ങള്‍ക്കു മുമ്പ് മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു ആദിവാസി കുടുംബത്തെ ആക്രമിച്ചതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈരിലെത്തിയ പോലിസ് മുരുകനെയും പിതാവ് ചൊറിയമൂപ്പനെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകളുള്‍പ്പടെയുളളവര്‍ തടഞ്ഞു. ഇതിനിടെ പോലിസുകാരന്‍ മുരുകന്റെ 17 വയസ്സുള്ള മകന്റെ മുഖത്തടിച്ചതായും പരാതിയുണ്ട്.

    പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് പറഞ്ഞുതീര്‍ക്കാവുന്ന കേസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുരുകനെയും മൂപ്പനെയും പിടിച്ചുകൊണ്ടുപോയതിനെതിരേ ആദിവാസി സംഘടനകളും പ്രതിഷേധവുമായെത്തി. ഷോളയൂര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച ഇവര്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫിസിന് മുന്നിലേക്ക് സമരം മാറ്റി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാലാണ് സംഘര്‍ഷമുണ്ടായതെന്നും മുരുകന്‍ പോലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും ഇവരുടെ ആക്രമണത്തില്‍ മറ്റൊരു ആദിവാസിക്ക് തലയ്ക്കു ഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

    അതേസമയം മുരുകന്റെ അതിക്രമ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മുരുകന്റെ അതിക്രമത്തില്‍ പരിക്കേറ്റ അയല്‍വാസി കറുതാ ചലത്തിന്റെ ദൃശ്യങ്ങളാണ് സാമൂബികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മുരുകനെതിരെ അഗളി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരേ പോലിസ് അതിക്രമം ഉണ്ടായത്.

Police atrocity against Oorumooppan and his son in Attappadi

Tags:    

Similar News