മദ്‌റസ വിദ്യാര്‍ഥിയെ ആക്രമിച്ച ആര്‍എസ്എസുകാരനെ മാനസിക രോഗിയാക്കിയ പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു

രാമനാഥനെ ആക്രമിച്ച സംഭവത്തില്‍ പരപ്പനങ്ങാടി പോലിസ് ക്രൈം നമ്പര്‍ 600/21ഐപിസി 324,308, 34 വകുപ്പ് പ്രകാരമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മാനസിക രോഗിയാണന്ന് പോലിസ് തന്നെ പറയുന്ന ഒരാളുടെ പരാതിയിന്‍ മേലാണ് ജാമ്യമില്ല വകുപ്പ് ചുമത്തി പരപ്പനങ്ങാടി പോലിസ് കേസെടുത്തിരിക്കുന്നത്

Update: 2022-01-04 15:44 GMT

പരപ്പനങ്ങാടി: മദ്‌റസ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് കാരനെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് രക്ഷപ്പെടുത്തിയ പോലിസ് ഇയാളെ ആക്രമിച്ചെന്ന പരാതിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തത് വിവാദത്തില്‍.പരപ്പനങ്ങാടി പോലിസിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ 2021 ഒക്ടോബര്‍ 20 ന് രാവിലെ മദ്‌റസയിലേക്ക് പോവുകയായിരുന്ന ചെട്ടിപ്പടി ചെമ്മല റഷീദിന്റെ മകന്‍ ഖാജയെ ബൈക്കിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തകനായ തുന്നര്‍കണ്ടി രാമനാഥന്‍ ആക്രമിച്ച സംഭവത്തില്‍ തുടക്കത്തില്‍ തന്നെ കേസ് ദുര്‍ബലപെടുത്താനും നിസ്സാരവല്‍്കരിക്കാനും ശ്രമിച്ച പരപ്പനങ്ങാടി പോലിസ് ഇയാള്‍ മാനസിക രോഗിയാണന്ന് പറഞ്ഞ് വിടുകയായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉണ്ടായങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. കുട്ടിയുടെ കൂടെയുണ്ടായിരുന്ന സഹപാഠിയെ ഭയപെടുത്തി സാക്ഷി പറയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലിസുകാരന്‍ ശ്രമിച്ചതും വിവാദമായിരുന്നു.പോലിസ് പരാതിക്കാരെ ഭയപെടുത്താന്‍ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 ഇതിനിടെ നവംബര്‍ ഒന്നാം തിയ്യതി രാമനാഥന്‍ ആക്രമിക്കപ്പെട്ടു. അന്ന് രണ്ട് അജ്ഞാതര്‍ ബൈക്കിലെത്തി ആക്രമിച്ചെന്നായിരുന്നു പോലിസും, രാമനാഥനും പറഞ്ഞിരുന്നത്. സംഭവത്തില്‍ കേസെടുത്ത പോലിസ് കുപ്പിവളവിലെ സിസിടിവി അടക്കം പരിശോധിച്ചിരുന്നു. പിന്നീട്. പ്രതികളെ കിട്ടാതായതോടെ പോലിസ് ചെട്ടിപ്പടിയിലെ പൊതുപ്രവര്‍ത്തകനും എസ്ഡിപിഐ നേതാവുമായ യാസര്‍ അറഫാത്തിനെയടക്കം പ്രതി ചേര്‍ത്ത് വധശ്രമത്തിന് കേസെടുത്തു. സംഭവ നടന്ന ഉടനെ തയ്യാറാക്കിയ എഫ്‌ഐആറിന് പകരം രാമനാഥന്റ പുതിയ പരാതിയിലാണ് അറഫാത്തിനെതിരേ കേസെടുത്തിരിക്കുന്നത്. നേരത്തെ അജ്ഞാതര്‍ എന്ന് പറഞ്ഞത് പുതിയ പരാതിയില്‍ താന്‍ പരിചയമുള്ള യാസര്‍ അറഫാത്ത് എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഇയാള്‍ ആക്രമിക്കപ്പെടാന്‍ കാരണം മദ്‌റസ വിദ്യാര്‍ഥിയുടെ കണ്ണില്‍ അറിയാതെ കൈ തട്ടിയതിനാണന്ന തരിത്തില്‍ നിസാരവത്കരണവും എഫ്‌ഐആറിലുണ്ട്. കുട്ടിയുടെ പരാതി നിസ്സാരവത്കരിച്ചതിനെതിരെ മീഡിയകളുടെ മുന്നിലടക്കം കുട്ടിയും, പിതാവും സംഭവങ്ങള്‍ വിളിച്ച് പറഞ്ഞിരുന്നു.

 പക്ഷെ ആര്‍എസ്എസുകാരന്‍ ആക്രമിക്കപ്പെടാന്‍ കാരണം കണ്ണില്‍ വിരല്‍ തട്ടിയെന്ന വിചിത്ര വാദമാണ് പോലിസ് ഉന്നയിക്കുന്നത്. രാമനാഥനെ ആക്രമിച്ച സംഭവത്തില്‍ പരപ്പനങ്ങാടി പോലിസ് ക്രൈം നമ്പര്‍ 600/21ഐപിസി 324,308, 34 വകുപ്പ് പ്രകാരമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മാനസിക രോഗിയാണന്ന് പോലിസ് തന്നെ പറയുന്ന ഒരാളുടെ പരാതിയിന്‍ മേലാണ് ജാമ്യമില്ല വകുപ്പ് ചുമത്തി പരപ്പനങ്ങാടി പോലിസ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News