വിദ്വേഷ പ്രസംഗം, മുസ്‌ലിം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനം; 'ഹിന്ദു മഹാപഞ്ചായത്ത്' സംഘാടകര്‍ക്കെതിരേ ചെറുവിരലനക്കാതെ പോലിസ്

Update: 2022-04-10 06:38 GMT

ന്യൂഡല്‍ഹി: മുസ്‌ലിം കള്‍ക്കെതിരേ വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തുകയും മുസ്‌ലിം മാധ്യമപ്രവര്‍ത്തകരെയടക്കം ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് ഒത്താശ ചെയ്യുകയും ചെയ്ത 'ഹിന്ദു മഹാപഞ്ചായത്ത്' സംഘാടകര്‍ക്കെതിരേ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ ഡല്‍ഹി പോലിസ്. ഏപ്രില്‍ മൂന്നിന് ഞായറാഴ്ച വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ നടന്ന 'ഹിന്ദു മഹാപഞ്ചായത്ത്' പരിപാടിയിലാണ് ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വിവാദ സന്യാസി യതി നരസിംഹാനന്ദ് അടക്കമുള്ളവര്‍ വീണ്ടും മുസ്‌ലിംകള്‍ക്കെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ നാല് മുസ്‌ലിം മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചുപേരെ തീവ്ര ഹിന്ദുത്വ സംഘം വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ഹിന്ദു മഹാപഞ്ചായത്ത് സംഘാടകര്‍ക്കെതിരേ സമര്‍പ്പിച്ച മൂന്ന് എഫ്‌ഐആറുകളില്‍ ഡല്‍ഹി പോലിസ് ഒരാഴ്ച കഴിഞ്ഞിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്. യതി നരസിംഹാനന്ദാവട്ടെ വിവാദമായ മഹാപഞ്ചായത്ത് പരിപാടിക്ക് ശേഷവും പരസ്യമായി മുസ്‌ലിം വിരുദ്ധ പ്രസംഗം നിര്‍ബാധം തുടരുകയാണ്. ഗോവര്‍ധനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നരസിംഹാനന്ദ് വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

വരും ദശകങ്ങളില്‍ രാജ്യത്ത് ഹിന്ദുക്കള്‍ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്നായിരുന്നു അദ്ദേഹം ഹിന്ദുക്കളോട് ആവശ്യപ്പെട്ടത്. 2029ല്‍ ഒരു അഹിന്ദു പ്രധാനമന്ത്രിയാവുമെന്ന് ഗണിതശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രവചിക്കുന്നുണ്ട്. ഒരിക്കല്‍ അഹിന്ദു പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യം 'ഹിന്ദുവിഹീന്‍' (ഹിന്ദുക്കള്‍ ഇല്ലാത്ത) രാഷ്ട്രമായി മാറുമെന്നും സന്യാസി കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ആണ് സംഘാടകര്‍ക്കെതിരേ ഡല്‍ഹി പോലിസ് കമ്മീഷണര്‍, ഡിസിപി നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, എസ്എച്ച്ഒ, മുഖര്‍ജി നഗര്‍ പോലിസ് സ്‌റ്റേഷന്‍ മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയത്.

'സേവ് ഇന്ത്യ ഫൗണ്ടേഷന്റെ' ബാനറില്‍ നടത്തിയ ഹിന്ദു മഹാപഞ്ചായത്ത് പരിപാടിയില്‍ സംഘാടകര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും പരിപാടി റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ വ്യക്തമാക്കി. വിവിധ വാര്‍ത്താ ചാനലുകള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഞങ്ങള്‍ക്ക് വേദനയുണ്ടെന്നും പരാതിയില്‍ പറയുന്നു. തങ്ങളുടെ പരാതിയില്‍ നാളിതുവരെ നടപടിയെടുക്കാത്തത് കടുത്ത ഉത്കണ്ഠയും അരോചകവുമാണെന്ന് പിയുസിഎല്‍ വൈസ് പ്രസിഡന്റ് എന്‍ ഡി പഞ്ചോളി മുസ്‌ലിം മിററിനോട് പറഞ്ഞു.

പരിപാടിയില്‍ സംസാരിച്ച യതി നരസിംഹാനന്ദ് മുസ്‌ലിംകള്‍ക്കെതിരേ ആയുധമെടുക്കാന്‍ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്നതായി എഎ ന്യൂസ് പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു. 20 വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ഹിന്ദുക്കള്‍ കൊല്ലപ്പെടും. നിങ്ങള്‍ക്ക് ഇത് മാറ്റണമെങ്കില്‍, ഒരു മനുഷ്യനാവുക. ഒരു മനുഷ്യന്‍ ആയുധങ്ങള്‍ സൂക്ഷിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദ പുരോഹിതന്‍ യതി നര്‍സിങ്ങാനന്ദിന്റെ അനുയായിയായ പ്രീത് സിങ് നടത്തുന്ന സേവ് ഇന്ത്യ ഫൗണ്ടേഷന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത്. സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ സുരേഷ് ചാവാന്‍കെയെയും 'മഹാപഞ്ചായത്ത്' മുഖ്യാതിഥികളില്‍ ഒരാളായി സംഘാടകര്‍ ക്ഷണിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ഇത്തരം വിദ്വേഷ പ്രസംഗം അരങ്ങേറിയത്. ആക്രമിക്കപ്പെട്ടവരില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായ അര്‍ബാബ് അലി, ദി ഹിന്ദുസ്ഥാന്‍ ഗസറ്റിലെ മീര്‍ ഫൈസല്‍, ഫോട്ടോജേര്‍ണലിസ്റ്റ് എം ഡി മെഹര്‍ബാന്‍, ക്വിന്റിലെ റിപോര്‍ട്ടര്‍ മേഘ്‌നാദ് ബോസ്, ന്യൂസ് ലാന്‍ട്രിയിലെ ശിവാംഗി സക്‌സേന, റോനക് ഭട്ട് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദനമേറ്റവരിര്‍ മറ്റൊരു മുസ്‌ലിം മാധ്യമപ്രവര്‍ത്തകനുമുണ്ട്. അദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. അര്‍ബാബ് അലിയും മീര്‍ ഫൈസലും പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടവെ ഹിന്ദുത്വ സംഘം കൂട്ടംചേര്‍ന്ന് കാമറകളും ഫോണുകളും തട്ടിപ്പറിച്ചെടുക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

താനും മീര്‍ ഫൈസലും ഞങ്ങളുടെ പേര് പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ജിഹാദി എന്ന് വിളിച്ചു- അര്‍ബാബ് അലി ട്വിറ്ററില്‍ കുറിച്ചു. ഫൈസലിനെയും തന്നെയും വെവ്വേറെ ഇരുത്തി ചടങ്ങില്‍ ഷൂട്ട് ചെയ്ത വീഡിയോകള്‍ ഡിലീറ്റ് ചെയ്യിച്ചു. ഫൈസലിന്റെ തലയ്ക്ക് അടിയേറ്റതായും തന്നെ തള്ളിയിട്ടതായും അലി ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ തല്ലണമെന്ന് ആള്‍ക്കൂട്ടം ആക്രോശിക്കുന്നുണ്ടായിരുന്നു. അലിയെയും ഫൈസലിനെയും പോലിസ് സ്ഥലത്തുനിന്ന് കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ഹിന്ദുത്വര്‍ തടഞ്ഞു. പിന്നീട് സിവില്‍ വേഷത്തിലെത്തിയ ചില പോലിസുകാര്‍ അവരെ ഒരു വാനിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ ഹിന്ദുത്വ ഗ്രൂപ്പില്‍പ്പെട്ട ഒരാള്‍ വാനില്‍ കയറി പോലിസുകാരനെയും മര്‍ദ്ദിച്ചു. പോലിസ് വാനില്‍ ഇവരെ മുഖര്‍ജി നഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഹിന്ദുത്വര്‍ പോലിസ് വാഹനത്തിന് പിന്നാലെ ആക്രോശിച്ച് പിന്തുടരുന്നുണ്ടായിരുന്നു. ഒരുമണിക്കൂറോളം പോലിസ് സ്‌റ്റേഷനില്‍ ഇരുത്തിയശേഷമാണ് മാധ്യമപ്രവര്‍ത്തകരെ പോലിസ് വീടുകളിലേക്ക് മടക്കി അയച്ചത്.

Tags:    

Similar News