യുപിയില്‍ 200 മുസ്‌ലിം വീടുകള്‍ക്ക് തീയിട്ടത് പോലിസെന്ന് നാട്ടുകാര്‍; ബുദ്ധികേന്ദ്രം ബിജെപി ന്യൂനപക്ഷ സെല്‍ അംഗം
ഷാഹിദ് ഭാരതി ബിജെപിയുടെ ന്യൂനപക്ഷ സെല്‍ അംഗമായിരുന്നുവെന്ന് സമ്മതിച്ച ജില്ലാ മേധാവി തെഹ്‌സീന്‍ അലി, ഏറെക്കാലമായി പാര്‍ട്ടിയുമായി അകന്നുകഴിയുകയാണെന്നു പറഞ്ഞ് കൈയൊഴിയാന്‍ ശ്രമിക്കുകയായിരുന്നു
മീറത്ത്: അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ മീറത്തിനു സമീപം ഭുഷാ മാണ്ഡി ചേരിയിലെ 200ലേറെ മുസ്‌ലിം വീടുകള്‍ക്ക് തീയിട്ടത് പോലിസുകാരെന്ന് ഗ്രാമവാസികള്‍. ഭരണകൂടം മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും യോഗി ആദിത്യനാഥിനു കീഴിലുള്ള യുപി പോലിസിലെ പ്രത്യേകാന്വേഷണ സംഘം ബിജെപി ന്യൂനപക്ഷ സെല്‍ അംഗം പ്രവര്‍ത്തകനെതിരേയാണ് കേസെടുത്തത്. അക്രമികളെന്നു സംശയിക്കുന്ന 80 പേരില്‍ തിരിച്ചറിഞ്ഞ 30 പേരില്‍ ബിജെപി ന്യൂനപക്ഷ സെല്‍ അംഗം ഷാഹിദ് ഭാരതിയുണ്ടെന്ന് പോലിസ് പറഞ്ഞതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. ഇയാളാണ് തീവയ്പിനു പിന്നിലെ ബുദ്ധികേന്ദ്രമെന്നും മൂന്ന് വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമായതായി പോലിസ് പറയുന്നു. നേരത്തേ അജ്ഞാതര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭുഷാ മാണ്ഡിയിലെ താമസക്കാരനായ ഷാഹിദ് ഭാരതിയാണ് ഇവിടെ ബിജെപിയുടെ പോസ്റ്ററുകളും മറ്റും പതിച്ചിരുന്നത്. ഇയാളാണു പ്രതിയെന്നു തിരിച്ചറിഞ്ഞതോടെ ഏറെക്കാലമായി പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ് ഷാഹിദ് ഭാരതിയെന്നു പറഞ്ഞ് ഭരണം കൈയാളുന്ന ബിജെപി കൈയൊഴിയാന്‍ ശ്രമിക്കുകയായിരുന്നു. ഷാഹിദ് മുമ്പ് ബിജെപിയുടെ ന്യൂനപക്ഷ സെല്‍ അംഗമാണെന്നു ജില്ലാ സെല്‍ മേധാവി തെഹ്‌സീന്‍ അലി സമ്മതിച്ചു. സംഭവത്തില്‍ ഷാഹിദ് ഭാരതിയുടെ പേര് പുറത്തുവന്നപ്പോള്‍ തന്നെ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് പാര്‍ട്ടിക്ക് സംഭവത്തിലുള്ള പങ്ക് വെളിവാക്കുന്നതാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഉത്തര്‍പ്രദേശ് പോലിസ് ഗ്രാമീണരായ മുസ് ലികള്‍ സ്ത്രീ-പുരുഷന്‍മാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ട് വീടുകള്‍ക്കും മറ്റും തീയിട്ടത്. മീറത്ത് കണ്ടോണ്‍മെന്റ് ബോര്‍ഡ് അധികൃതര്‍ ഭൂഷ മാണ്ഡി ചേരി നിവാസികളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലിസുകാര്‍ എത്തിയപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ കല്ലെറിയുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്‌തെന്നാണ് പോലിസുകാര്‍ പറയുന്നത്. പ്രദേശവാസികള്‍ പോലിസ് വാദം പൂര്‍ണമായും തള്ളുകയും പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സ്ഥലത്തെത്തി വിവരം ശേഖരിച്ച മാധ്യമങ്ങളോടാണ് തീയിട്ടത് പോലിസാണെന്നു ഗ്രാമവാസികള്‍ വെളിപ്പെടുത്തിയത്. വീടുകള്‍ കത്തിച്ചതോടെ ചേരി നിവാസികള്‍ക്ക് രാത്രിയും പകലും കിടന്നുറങ്ങാന്‍ പോലുമാവാതെ തുറന്ന സ്ഥലത്ത് കഴിയേണ്ടി വന്നു. കത്തിച്ചാമ്പലായ തങ്ങളുടെ വീടുകള്‍ക്കും വസ്തുക്കള്‍ക്കും മുന്നില്‍ നിസ്സഹായതയോടെയാണ് അവര്‍ കഴിയുന്നത്. മക്കളുടെ വിവാഹാവശ്യത്തിനു സ്വരൂപിച്ച പണവും വസ്തുക്കളും വരെ കത്തിയമര്‍ന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.