പ്രവാചകനെ നിന്ദിച്ചയാൾ കൊല്ലപ്പെട്ടതിൽ ബന്ധമെന്ന് ആരോപണം: പ്രമുഖ ബറേൽവി സുന്നി പണ്ഡിതൻ മൗലാനാ ഖമർ ഗനി ഉസ്മാനി അറസ്റ്റിൽ
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്‌ലാമിക വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഡല്‍ഹിയില്‍ എത്തിയതാണ് ഖമര്‍ ഗനി ഉസ്മാനി.
ന്യൂഡല്‍ഹി: പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കിഷന്‍ ഭര്‍വാദ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ മൗലാനാ ഖമര്‍ ഗനി ഉസ്മാനിയെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. പ്രശസ്ത ബറേല്‍വി സുന്നി പണ്ഡിതനും തഹ്‌രീകെ ഫറോഗെ ഇസ്‌ലാം നേതാവുമായ മൗലാനാ ഖമര്‍ ഗനി ഉസ്മാനിയെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്‌ലാമിക വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഡല്‍ഹിയില്‍ എത്തിയതാണ് ഖമര്‍ ഗനി ഉസ്മാനി. അഹമ്മദാബാദിലെ ദണ്ഡുക നഗരത്തില്‍ വച്ചാണ് ബൈക്കിലെത്തിയ സംഘം 27കാരനായ കിഷന്‍ ഭര്‍വാദിനെ ചൊവ്വാഴ്ച വെടിവെച്ചു കൊന്നത്. ജനുവരി 6നാണ് കിഷന്‍ ഭര്‍വാദ് ഫേസ്ബുക്കില്‍ വിവാദമായ പോസ്റ്റ് പങ്കുവച്ചത്. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുസ് ലിം നേതാക്കള്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് കൊലപാതകം അടക്കമുള്ള സംഭവവികാസങ്ങള്‍.
മൗലാന ഖമര്‍ ഗനി കിഷനെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പിന്നാലെയാണ് മുഖ്യപ്രതി തന്റെ സഹായിയെ ഉപയോഗിച്ച് കിഷനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പോലിസ് ഭാഷ്യം. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തില്‍ നേരിട്ട് ബന്ധമാരോപിച്ച് ഷബീര്‍ (25), ഇംതിയാസ് (27) എന്നീ യുവാക്കളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഉസ്മാനി അടക്കം നിലവില്‍ ആറു പേരെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മാധ്യമവാര്‍ത്തകള്‍. ഗുജറാത്ത് പോലിസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഏറ്റെടുത്ത് 24 മണിക്കൂറിനകമാണ് ഉസ്മാനിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഉസ്മാനിയുടെ പ്രസംഗം ഉള്‍ക്കൊണ്ടു കൊണ്ടാണ് കിഷനെ കൊലപ്പെടുത്തിയത് എന്ന് യുവാക്കള്‍ കുറ്റസമ്മതം നടത്തി എന്നാണ് എടിഎസ് പറയുന്നത്.
അതേസമയം, ജനുവരി 29ന് കേസ് ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തത് നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് കരുതേണ്ടി വരുമെന്ന് അല്‍ റസാ നെറ്റ്‌വര്‍ക്ക് ചീഫ് എഡിറ്റര്‍ അഹ്മദ് റസാ സ്വാബിരി അഭിപ്രായപ്പെട്ടു. 2021ല്‍ ത്രിപുരയിലുണ്ടായ വംശഹത്യാ ശ്രമത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ മൂന്ന് അനുയായികള്‍ക്കൊപ്പം ഖമര്‍ ഗനി ഉസ്മാനിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് അദ്ദേഹത്തിന് അന്ന് ജാമ്യം ലഭിച്ചത്.