പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: വിലാപയാത്രയ്ക്കിടെ വ്യാപക ആക്രമണം; സിപിഎം ഓഫിസുകള്‍ക്ക് തീയിട്ടു(വീഡിയോ)
കണ്ണൂര്‍: പാനൂരിനു സമീപം പെരിങ്ങത്തൂരില്‍ കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം കൊണ്ടുവരുന്ന വിലാപയാത്രയ്ക്കിടെ മേഖലയില്‍ വ്യാപക ആക്രമണം. സിപിഎം ഓഫിസുകള്‍ക്ക് തീയിടുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ്, പാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കീഴ്മാടം, കൊച്ചിയങ്ങാടി കടവത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസുകള്‍, പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരം എന്നിവയാണ് തീയിട്ടുനശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുല്ലൂക്കര സ്വദേശിയായ മന്‍സൂറിനെ പിതാവിന്റെയും ബന്ധുക്കളുടെയും കണ്‍മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണ് ബോംബെറിഞ്ഞ ശേഷം ഒരു സംഘം ആക്രമണം നടത്തിയത്. ഗുരുതരമായി വെട്ടേറ്റ മന്‍സൂര്‍ പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ചത്. ആക്രമണത്തില്‍ സഹോദരന്‍ മുഹ്‌സിനും പരിക്കേറ്റിരുന്നു. 150ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന മുഹ്‌സിന്‍. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്.
Pullookara Muhsin murder: CPM offices set on fire