രാമക്ഷേത്ര നിര്‍മാണം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ധനസമാഹരണത്തിന് തുടക്കമിടുമെന്ന് വിഎച്ച്പി
ഗുജറാത്തിൽ നിന്ന് മാത്രം ഒരു കോടി ആളുകളിൽ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണത്തിനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. ജനുവരി 14 മകര സംക്രാന്തി ദിനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ധനസമാഹരണത്തിന് തുടക്കമിടും.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞു. അഹമ്മദാബാദില്‍വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരന്ദെ.
ധനസമാഹരണത്തിനായി കോര്‍പറേറ്റുകളെയും സമീപിക്കുമോയെന്ന ചോദ്യത്തിന്, സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന എല്ലാവരില്‍ നിന്നും പണം സ്വീകരക്കുമെന്നായിരുന്നു പരന്ദെയുടെ മറുപടി. എല്ലാവരും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഗുജറാത്തിൽ നിന്ന് മാത്രം ഒരു കോടി ആളുകളിൽ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി വിഎച്ച്പി വഡോദരയിൽ ഓഫീസും തുറന്നിട്ടുണ്ട്.
വിഎച്ച്‌പിയുടെ ഒരു പ്രധാന പരിപാടിയായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിഎച്ച്പി അംഗങ്ങൾ ആദിവാസി പ്രദേശങ്ങൾ, മലയോര പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോയി ആളുകളെ സംഭാവന ചെയ്യാൻ അവരെ ബോധ്യപ്പെടുത്തും. ബിജെപിക്കൊപ്പമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.