രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് പ്രമേയം; സച്ചിന്‍ പൈലറ്റ്-അശോക് ഗെഹ്‌ലോട്ട് പോര് തുടരുന്നു
ജയ്പൂര്‍: രാജസ്ഥാനിലെ അടുത്ത മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ്സില്‍ പടനീക്കം. മുഖ്യമന്ത്രി സ്ഥാനം തന്റെ ഗ്രൂപ്പില്‍നിന്നുളള ഒരാള്‍ക്കായിരിക്കണമെന്നാവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ടിന്റെ അനുയായികള്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രമേയം പാസ്സാക്കി. അതോടെ ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവാനുള്ള സച്ചിന്‍ പൈലറ്റിന്റെ നീക്കം ബുദ്ധിമുട്ടേറിയതാവും.
2020ല്‍ പൈലറ്റും അദ്ദേഹത്തിന്റെ 18 വിശ്വസ്തരും ചേര്‍ന്ന് നേതൃത്വത്തിനെതിരേ കലാപം നടത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച 102 എംഎല്‍എമാരില്‍ ഒരാളാണ് മുഖ്യമന്ത്രിയാവേണ്ടതെന്ന് ഗെഹ്‌ലോട്ടിനെ പിന്തുണച്ചവര്‍ അഭിപ്രായപ്പെട്ടതായാണ് വാര്‍ത്ത പുറത്തുവന്നത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ 56 എംഎല്‍എമാര്‍ പങ്കെടുത്തു.
ഗെഹ്‌ലോട്ടിന്റെ അനുയായിയായി ശാന്തി ധരിവാളിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 16 മന്ത്രിമാരും പങ്കെടുത്തു.
ഗെഹ്‌ലോട്ട് ജയ്‌സാല്‍മീറില്‍ പോയെങ്കിലും വൈകുന്നേരത്തെ നിര്‍ണായക കോണ്‍ഗ്രസ് യോഗത്തിനായി തിരിച്ചെത്തും. കേന്ദ്ര നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന ചുമതലയുള്ള അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഗെഹ്‌ലോട്ട് പക്ഷേ, മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതില്‍ വിമുഖനായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ രാഹുല്‍ തയ്യാറായില്ല. തുടര്‍ന്നാണ് തന്റെ വിശ്വസ്തനാവണം മുഖ്യമന്ത്രിയെന്ന വാദം ഗെഹ്‌ലോട്ട് മുന്നോട്ടുവയ്ക്കുന്നത്.
'എംഎല്‍എമാരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുത്തില്ലെങ്കില്‍, സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കും? സര്‍ക്കാര്‍ വീഴും' എന്ന് യോഗത്തില്‍ പങ്കെടുത്ത സ്വതന്ത്ര എംഎല്‍എ സന്യം ലോധ പറഞ്ഞു.
'എല്ലാ കോണ്‍ഗ്രസുകാരും ഏകകണ്ഠമായി കോണ്‍ഗ്രസ് അധ്യക്ഷനില്‍ വിശ്വസിക്കുന്നു, ഇന്നും നിങ്ങള്‍ക്കത് മനസ്സിലാവും'-പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ജയ്‌സാല്‍മറില്‍ മാധ്യമപ്രവര്‍ത്തകരോട് ഗെഹ്‌ലോട്ട് പറഞ്ഞു.
രാജസ്ഥാനില്‍ 13 സ്വതന്ത്ര എംഎല്‍എമാരുണ്ട്. അതില്‍ 12 പേരും ഗെലോട്ടിനൊപ്പമാണ്.
200 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന് 100 എംഎല്‍എമാരുണ്ട്, കൂടാതെ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ ആറ് പേരും. ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസിന് സ്വതന്ത്രരുടെ പിന്തുണ ആവശ്യമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയശില്പിയെന്ന് പലരും വിശേഷിപ്പിക്കുന്ന സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദമുയര്‍ന്നെങ്കിലും വിട്ടുകൊടുക്കാന്‍ ഗെഹ്‌ലോട്ട് തയ്യാറായില്ല. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിയാവേണ്ടിവന്നു. പിന്നീട് രാജിവച്ചു. രാഹുലും പ്രിയങ്കയും ഇടപെട്ടാണ് ഇരുവരുടെയും തര്‍ക്കം താല്‍ക്കാലികമായി പരിഹരിച്ചത്.