അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി ആര്?: അശോക് ഗെഹ്‌ലോട്ട് പക്ഷം യോഗം ചേര്‍ന്നു
ജയ്പൂര്‍: അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന നിര്‍ണായക പാര്‍ട്ടി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനായ ശാന്തി ധരിവാളിന്റെ വസതിയില്‍ ഗ്രൂപ്പുയോഗം. യോഗത്തില്‍ നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ ഒമ്പത് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പങ്കെടുത്തു.
യോഗത്തിന്റെ യഥാര്‍ത്ഥ അജണ്ട വ്യക്തമല്ല. തന്റെ വിശ്വസ്തനായ ഒരാളെ പ്രധാന തസ്തികയില്‍ നിലനിര്‍ത്തുന്നതിനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നാണ് കരുതപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ബദ്ധവൈരിയായി കണക്കാക്കപ്പെടുന്ന സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങളുണ്ട്.
കേന്ദ്ര നേതാവ് കെസി വേണുഗോപാലിന്റെയും സംസ്ഥാന ഇന്‍ചാര്‍ജ് അജയ് മാക്കന്റെയും നേതൃത്വത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് യോഗം വൈകിട്ട് നടക്കും. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മുന്‍നിരക്കാരനായ ഗെഹ്‌ലോട്ട്, രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ വിമുഖ കാണിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പോസ്റ്റ് എന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനിന്നതോടെ ആ നീക്കം പരാജയപ്പെട്ടു.