2025 ഓടെ മുഴുവന്‍ ഗ്രാമങ്ങളിലും ശാഖകള്‍, ഹിന്ദു ഏകീകരണം; യുപിയില്‍ ബൃഹദ് പദ്ധതികളുമായി ആര്‍എസ്എസ്

Update: 2022-03-21 10:51 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വവല്‍ക്കരണത്തിന് ബൃഹദ് പദ്ധതികള്‍ ആവിഷ്‌കരിച്ച് ആര്‍എസ്എസ്. അതിനായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും കടന്നുകയറി ഹിന്ദു ഏകീകരണമെന്ന ലക്ഷ്യം നേടുകയാണ് ആദ്യഘട്ടമെന്ന നിലയില്‍ ചെയ്യുന്നത്. ആര്‍എസ്എസ് രൂപീകരിച്ച് 100 വര്‍ഷം പൂര്‍ത്തിയാവുന്ന 2025 ഓടെ യുപിയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ആര്‍എസ്എസ്സിന്റെ ശാഖകള്‍ രൂപീകരിക്കും. ഗ്രാമങ്ങളില്‍ ശാഖകള്‍ തുടങ്ങുന്ന പദ്ധതി 2024 ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് കാര്യവാഹക് അശോക് ദുബെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ബിജെപിയെ മികച്ച നിലയിലെത്തിക്കുമെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം.

ഗ്രാമീണ പോക്കറ്റുകളില്‍ ശാഖകള്‍ രൂപീകരിക്കുന്നതിനു പുറമേ, ജാതി രഹിത സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചും ആര്‍എസ്എസ് കേഡര്‍മാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കും. ബിജെപിക്ക് വോട്ടുചെയ്യാന്‍ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ദീര്‍ഘകാല ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണ് ജാതി രഹിത സമൂഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കാലങ്ങളായി ഇത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ആര്‍എസ്എസ് ശ്രമങ്ങള്‍ നടത്തിവരികയാണ്. യോഗി ഭരിക്കുന്ന യുപിയില്‍ തീവ്ര വര്‍ഗീയവല്‍ക്കരണം ഏറെ ശക്തവുമാണ്. പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നേരിട്ട് ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തുകയാണ്.

ഗൊരഖ്പൂര്‍ സന്ദര്‍ശിച്ച മോഹന്‍ ഭാഗവത് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോരഖ്പൂരിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലാവും ഭാഗവത് സന്ദര്‍ശനം നടത്തുക. യുപിയിലെ 13 ജില്ലകള്‍ ഉള്‍പ്പെടുന്ന അവധ് പ്രാന്തില്‍ 2,200 ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ പ്രതിവാര 'മിലനും' (മീറ്റുകളും) പ്രതിമാസ 'മണ്ഡലങ്ങളും' ഉള്‍പ്പെടെ നടക്കുന്നു- ദുബെ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 2017 മുതല്‍ യുവാക്കള്‍ ആര്‍എസ്എസ്സില്‍ ചേരാന്‍ വളരെയധികം താല്‍പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപിയിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാനും സര്‍ക്കാരിനെ സഹായിക്കുമെന്ന് ആര്‍എസ്എസ് പറയുന്നു. പലയിടത്തും സ്‌കൂളുകളിലും കോളജുകളിലും പോവുന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ശാഖകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തൊഴിലന്വേഷകര്‍ക്ക് ലഭ്യമായ തൊഴിലുകളുടെ എണ്ണത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും അവര്‍ക്കാവശ്യമായ വൈദഗ്ധ്യത്തെക്കുറിച്ചും അറിവ് ലഭിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ്സില്‍ 'സ്വദേശി ജാഗരണ്‍ മഞ്ച്' എന്ന വിഭാഗത്തെ ഉള്‍പ്പെടുത്തിയത്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും വിജയം കൈവരിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതി നടന്നുവരികയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News