മദ്‌റസകള്‍ സര്‍ക്കാര്‍ സ്‌കൂളാക്കുന്നതിനെതിരേ ഹരജി; അസം സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

Update: 2022-11-02 10:27 GMT
മദ്‌റസകള്‍ സര്‍ക്കാര്‍ സ്‌കൂളാക്കുന്നതിനെതിരേ ഹരജി; അസം സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മദ്‌റസകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാക്കി മാറ്റുന്നതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ അസം സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. 1995ലെ അസം മദ്‌റസ വിദ്യാഭ്യാസ (പ്രൊവിന്‍ഷ്യലൈസേഷന്‍) നിയമത്തിന്റെ (2020ലെ നിയമം റദ്ദാക്കിയത്) സാധുത ശരിവച്ച ഗുവാഹത്തി ഹൈക്കോടതി വിധിയും 2021 ഫെബ്രുവരി 12ലെ വിജ്ഞാപനവും ചോദ്യം ചെയ്തുള്ള അപ്പീലിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അസമിലെ നിലവിലുള്ള പ്രവിശ്യാ മദ്‌റസകളെ സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളാക്കി മാറ്റിയ തീരുമാനം അപ്പീലില്‍ ചോദ്യം ചെയ്യുന്നു.

ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മദ്‌റസകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണെന്നും പ്രവിശ്യാവല്‍ക്കരണത്തിലൂടെ സംസ്ഥാനം പൂര്‍ണമായി പരിപാലിക്കുന്നവയാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 28(1) അനുച്ഛേദം ബാധകമാണെന്നും ഹൈക്കോടതി തെറ്റായി നിരീക്ഷിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ അദീല്‍ അഹമ്മദ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ വാദിച്ചു. മതപരമായ പ്രബോധനം നല്‍കാന്‍ അനുവദിക്കണം. പ്രവിശ്യാവല്‍ക്കരണത്തെ ദേശസാല്‍ക്കരണവുമായി തുലനം ചെയ്ത ഹൈക്കോടതി വിധി തെറ്റാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ബെഞ്ചിന് മുമ്പാകെ വാദിച്ചു.

മദ്‌റസകളുടെ സ്വത്ത് തട്ടിയെടുത്തതായി ഹെഗ്‌ഡെ ബെഞ്ചിനെ അറിയിച്ചു. മദ്‌റസകളില വൈദ്യുതിയുടെയും ഫര്‍ണിച്ചറുകളുടെയും ചെലവുകള്‍ മദ്‌റസകള്‍ തന്നെയാണ് വഹിക്കുന്നത്. 2020ലെ അസാധുവാക്കല്‍ നിയമം മദ്‌റസാ വിദ്യാഭ്യാസത്തിന്റെ നിയമപരമായ അംഗീകാരത്തോടൊപ്പം സ്വത്തും അപഹരിക്കുന്നു. കൂടാതെ ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവ് 1954ല്‍ രൂപീകരിച്ച 'അസം സ്‌റ്റേറ്റ് മദ്‌റസ ബോര്‍ഡ്' പിരിച്ചുവിടാനിടയാക്കും. ഇത് നിയമനിര്‍മാണ, എക്‌സിക്യൂട്ടീവ് അധികാരങ്ങളുടെ ഏകപക്ഷീയമായ വിനിയോഗത്തിന് തുല്യമാണ്.

മതവിദ്യാഭ്യാസത്തോടൊപ്പം മതപരമായ പ്രബോധനവും നല്‍കുന്ന മദ്‌റസകളായി തുടരാനുള്ള ഹരജിക്കാരുടെ ആവശ്യം നിഷേധിക്കുന്നതിന് തുല്യമാണ്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഹരജിക്കാരായ മദ്‌റസകളുടെ ഉടമസ്ഥാവകാശത്തില്‍ ഇത്തരത്തില്‍ കടന്നുകയറുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1എ)യുടെ നേരിട്ടുള്ള ലംഘനമാണെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. ഇടക്കാലാശ്വാസമായി ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എം ഡി ഇമാദ് ഉദ്ദിന്‍ ബര്‍ഭൂയ്യയും അസമിലെ മറ്റ് 12 നിവാസികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News