മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ കോണ്‍ഗ്രസ് പദവി രാജിവച്ചു
തന്റെ ആത്മാഭിമാനം പണയപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് രാജിക്കത്ത്
ന്യൂഡല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ്മ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഇക്കാര്യം അറിയിച്ച് ആനന്ദ് ശര്‍മ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. തന്റെ ആത്മാഭിമാനം പണയപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് രാജിക്കത്ത്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദവിയൊഴിഞ്ഞതിന് പിന്നാലെ ആനന്ദ് ശര്‍മയുടേയും സമാന നീക്കം.ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആനന്ദ് ശര്‍മ്മയുടെ ഈ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.പാര്‍ട്ടി യോഗങ്ങളില്‍ തന്നെ അവഗണിച്ചതായി ശര്‍മ്മ വ്യക്തമാക്കി.എന്നിരുന്നാലും, സംസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്ന ജി 23 ഗ്രൂപ്പിലെ പ്രമുഖ നേതാക്കളാണ് ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും.ഗുലാം നബി ആസാദ് അഞ്ച് ദിവസം മുമ്പ് ജമ്മു കശ്മീര്‍ പ്രചാരണ സമിതിയുടെയും രാഷ്ട്രീയ കാര്യ സമിതിയുടെയും ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായതിനാല്‍ പുതിയ സ്ഥാനത്തെ തരംതാഴ്ത്തലായാണ് ആസാദ് വിലയിരുത്തിയതെന്നാണ് വിവരം.