സര്‍ക്കാരിന് തിരിച്ചടി; നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രിംകോടതി

വിഷയം കൂടുതല്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഹൈക്കോടതി വിധിയില്‍ എന്തൊക്കെയാണുള്ളതെന്ന് ആദ്യം പരിശോധിക്കണം. അതിനുശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹരജി പരിഗണിക്കുന്നത് ജൂലൈ 15ലേക്ക് മാറ്റി.

Update: 2021-07-05 13:24 GMT

ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം കൂടുതല്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഹൈക്കോടതി വിധിയില്‍ എന്തൊക്കെയാണുള്ളതെന്ന് ആദ്യം പരിശോധിക്കണം. അതിനുശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹരജി പരിഗണിക്കുന്നത് ജൂലൈ 15ലേക്ക് മാറ്റി. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ് സഭയില്‍ എംഎല്‍എമാരുടെ ഭാഗത്തുനിന്നുമുണ്ടായത്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎല്‍എമാര്‍ വിചാരണ നേരിടുക തന്നെ വേണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് കേസ് പരിഗണിക്കവേ പരാമര്‍ശിച്ചു. പൊതുമുതല്‍ നശിപ്പിച്ച എംഎല്‍എയുടെ ഇത്തരം പെരുമാറ്റം ഞങ്ങള്‍ അംഗീകരിക്കില്ല. പൊതുസ്വത്തുക്കള്‍ക്ക് നാശനഷ്ടം തടയല്‍ നിയമപ്രകാരം നിങ്ങള്‍ വിചാരണ നേരിടേണ്ടിവരും- ജസ്റ്റിസ് ചന്ദ്രചൂഢ് മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിനോട് പറഞ്ഞു. സര്‍ക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാന്‍ കഴിയില്ല. ഇത്തരം കാഴ്ചകള്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു.

ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനകാര്യ ബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് ഈ എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയത്. അതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് സന്ദേശമാണ് ഇതിലൂടെ എംഎല്‍എമാര്‍ പൊതുസമൂഹത്തിന് നല്‍കിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം ആര്‍ ഷാ ആരാഞ്ഞു. കേരളാ നിയമസഭയില്‍ നടന്നത് പോലെ പാര്‍ലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാന്‍ കഴിയില്ലെന്നും ഇതിലൊരു തീരുമാനമെടുക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍, അഴിമതി ആരോപണം നേരിടുന്ന മന്ത്രിക്കെതിരായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞു. മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് രഞ്ജിത് കുമാര്‍.

അന്നത്തെ ധനകാര്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയിലുണ്ടായത്. പ്രതിഷേധിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതിന്റെ പേരില്‍ നിയമസഭ തന്നെ എംഎല്‍എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും രഞ്ജിത് കുമാര്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് കോടതി രേഖപ്പെടുത്തിയത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന് മാത്രമാണ് ഈ കേസ് പിന്‍വലിക്കാനുള്ള അധികാരമുള്ളത്.

സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് വേണ്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത് എന്നുവരെ ഒരുഘട്ടത്തില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആരാഞ്ഞു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് ആണ് ഹരജി സമര്‍പ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍, കെ അജിത്, ഇ പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല കേസില്‍ തടസ്സഹരജി നല്‍കിയിട്ടുണ്ട്.

Tags:    

Similar News