ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ ബലാല്‍സംഗക്കേസ്: പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റി
ചിന്‍മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ഷാജഹാന്‍പുരിലെ നിയമ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയാണ് 2019 സപ്തംബര്‍ അഞ്ചിനു ബലാല്‍സംഗ പരാതിയുമായി രംഗത്തെത്തിയത്. അഞ്ചു ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ കാണാതായതായി പിതാവ് പരാതി നല്‍കി. ഇതോടെ സംഭവം വന്‍ വാര്‍ത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി, ചിന്‍മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം
പല തവണ ബലാല്‍സംഗം ചെയ്‌തെന്നും തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുപറയുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെ 2019 സപ്തംബര്‍ 20നു മുന്‍ കേന്ദ്ര മന്ത്രിയായ ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തു. മാത്രമല്ല, ചിന്‍മയാനന്ദ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതെന്ന് ആരോപിച്ച് കണ്ണടയിലെ ഒളികാമറയിലേ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വെളിപ്പെടുത്തലിനു ശേഷം കോടതിയില്‍ ഹാജരാക്കി. എന്നാല്‍, പെണ്‍കുട്ടി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നും അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നും ആരോപിച്ച് ചിന്മായനന്ദും പരാതി നല്‍കിയതോടെ ഇരുവരും അറസ്റ്റിലായി. പെണ്‍കുട്ടിയും സുഹൃത്തും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയാണ് നവംബര്‍ ആറിനു പ്രത്യേകസംഘം കുറ്റപത്രം നല്‍കിയത്. ഡിസംബറില്‍ വിദ്യാര്‍ഥിനിക്കും മറ്റും അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കി. ഇതിനുശേഷം ഫെബ്രുവരിയില്‍ ചിന്‍മയാനന്ദിനും കോടതി ജാമ്യം നല്‍കി. ഷാജഹാന്‍പൂര്‍ ജില്ലാ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ചിന്‍മയാനന്ദിനു അനുയായികള്‍ സ്വീകരണം നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു.