പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മൂന്ന് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, അസി. എന്‍ജീയനീയര്‍ കലേഷ്, ഓവര്‍സിയര്‍ ബി സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

Update: 2019-06-20 11:19 GMT

കണ്ണൂര്‍: കോടികള്‍ ചെലവിട്ട് നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത് വൈകിച്ചെന്നാരോപിച്ച് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, അസി. എന്‍ജീനീയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, ബി സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഇന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയിരുന്നു.സംഭവത്തെ കുറിച്ച് വിശദീകരിച്ച ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുകയും ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ് മുറിയില്‍ നിന്നു ഇറക്കിവിട്ടതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.അനുമതി നല്‍കാന്‍ കാലതാമസം വരുത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും മന്ത്രി ചെവിക്കൊണ്ടില്ല. പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രവാസിയായ സാജന്‍ പാറയിലിന് കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് എന്‍ജിനീയര്‍ ഫയല്‍ എഴുതിയിരുന്നു. എന്നാല്‍, സെക്രട്ടറി ഫയലില്‍ 15 തടസ്സങ്ങള്‍ ഉന്നയിച്ചെന്നും അനുമതി നിഷേധിക്കാന്‍ മനപൂര്‍വ്വം സെക്രട്ടറി ശ്രമിച്ചെന്നുമാണ് മന്ത്രിയുടെ വിലയിരുത്തല്‍. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാര്‍ ചീഫ് ടൗണ്‍ പ്ലാനിങ് വിജിലന്‍സ് വിഭാഗത്തിനും റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. നഗരസഭകളില്‍ കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയുള്ള അപേക്ഷകളെ കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും അറിയിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് നിര്‍മിച്ച പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ കണ്ണൂര്‍ കൊറ്റാളി കുറ്റിക്കോല്‍ നെല്ലിയോട്ടെ സാജന്‍ പാറയിലാണ് മൂന്നുദിവസം മുമ്പ് തൂങ്ങിമരിച്ചത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച 16 കോടിയോളം രൂപ മുടക്കി ബക്കളത്ത് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെങ്കിലും കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അധികൃതര്‍ തടഞ്ഞുവച്ചെന്നായിരുന്നു ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയില്‍ ബഹളം വയ്ക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. അതിനുപുറമെ, മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. അതിനിടെ, അനുമതി നല്‍കുന്നതിനു തടസ്സം നിന്ന നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് ആന്തൂര്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി കെ ശ്യാമളയാണ് സിപിഎം എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍. അതേസമയം, ഉദ്യോഗസ്ഥരെ ബലിയാടാക്കി കേസൊതുക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.






Tags:    

Similar News