മാധ്യമപ്രവര്‍ത്തകന്‍ കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ക്കെതിരേ യുഎപിഎ ചുമത്തി
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലബാര്‍ ജേണല്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ എറണാകുളം സ്വദേശി കെ പി സേതുനാഥ് ഉള്‍പ്പെടെ ഏഴ് മലയാളികള്‍ക്കെതിരേ തെലങ്കാനയില്‍ യുഎപിഎ ചുമത്തി. മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ കെ മുരളി (അജിത്ത്), മനുഷ്യാവകാശ പ്രവര്‍ത്തകരായ സി പി റഷീദ്, സി പി ഇസ്മായില്‍, സി പി മൊയ്തീന്‍ (മലപ്പുറം) തുടങ്ങിയവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയതെന്ന് 'ഈനാട്' പത്രം റിപോര്‍ട്ട് ചെയ്തു. സപ്തംബര്‍ 15ന് സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് ആരോപിച്ച് 23 പേര്‍ക്കെതിരേയാണ് കേസെടുത്തത്. എല്ലാവര്‍ക്കുമെതിരേ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. ഇതിലാണ് മലയാളികളായ അഞ്ചുപേരുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. യുഎപിഎയിലെ 18(ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമം, ആയുധ നിയമത്തിലെ സെക്ഷന്‍ 25 തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കേശവ റാവു, മുപ്പല്ല ലക്ഷ്ണ്‍ റാവു, മല്ലരാജ റെഡ്ഡഢി തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് കെ മുരളിയുടെ പേരുള്ളത്. അതേസമയം, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന വിവിധ ബഹുജന സംഘടനകളിലെ സാമൂഹിക പ്രവര്‍ത്തകരും സ്വതന്ത്ര വ്യക്തികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തെലങ്കാന സര്‍ക്കാര്‍ ചുമത്തുന്ന കള്ളക്കേസുകളുടെ തുടര്‍ച്ചയാണിതെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എഴുത്തുകാരനും തെലുഗ് മാസികയായ വീക്ഷണത്തിന്റെ എഡിറ്ററുമായ എന്‍ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എഫ്‌ഐആര്‍ തയ്യാറാക്കിയവര്‍ക്ക് അടിസ്ഥാന വസ്തുതകള്‍ പോലും അറിയില്ലെന്ന് തോന്നുന്നതായും ഞാന്‍ വിരാസം എന്ന സംഘടനയിലോ ഒരു ബഹുജന സംഘടനയിലോ അംഗമല്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 2009ല്‍ എന്നെ വിരാസത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി എനിക്ക് ആ സംഘടനയുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല, ഞാന്‍ ഒരു ബഹുജന സംഘടനയിലും അംഗമല്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.