തെലങ്കാന കേസുകള്‍ പോലിസ് കെട്ടിച്ചമച്ചത്; പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി: സംഘടനയെ അപകീര്‍ത്തിപ്പെടുത്താനും അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനുമുള്ള തെലങ്കാന പോലിസിന്റെ ശ്രമങ്ങളെ പോപുലര്‍ ഫ്രണ്ട് അപലപിച്ചു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമച്ച് നിസാമാബാദ് പോലിസ് അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വ്യാജമാണ്. കേസ് പൂര്‍ണമായും പോലിസ് കെട്ടിച്ചമച്ചതാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സംസ്ഥാനമൊട്ടാകെ സംഘടനയെ ലക്ഷ്യം വയ്ക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിന്റെ കൂടുതല്‍ അംഗങ്ങളെ കേസില്‍ ഉള്‍പ്പെടുത്തുന്നത്. മേഖലയിലെ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും സ്തംഭിപ്പിക്കുകയാണ് കേസിന് പിന്നിലെ ഉദ്ദേശ്യമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
നിസാമാബാദില്‍ ആദ്യം അറസ്റ്റിലായ അബ്ദുള്‍ ഖാദര്‍ കഴിഞ്ഞ 30 വര്‍ഷമായി ആയോധനകല പരിശീലകനാണ്. തന്റെ തൊഴിലിന്റെ ഭാഗമായി ആയോധനകല ക്ലാസുകള്‍ നടത്തുന്ന പരിശീലകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. പോലിസ് ആരോപിക്കുന്നതുപോലെ ജൂലൈ 4 ന് സ്ഥലത്ത് പോപുലര്‍ ഫ്രണ്ടിന്റെ യോഗം ഉണ്ടായിരുന്നില്ലെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
അമരാവതി കൊലപാതകവുമായി പോപുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ വന്നയുടന്‍ പോപുലര്‍ ഫ്രണ്ട് ബന്ധം സ്ഥാപിക്കാനുള്ള നിര്‍ദേശവുമായി എന്‍ഐഎയെ കേസ് അന്വേഷണം ഏല്‍പിച്ചിരുന്നു. പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ തീരുമാനമാണ് ഈ കേസിലെ എന്‍ഐഎയുടെ ഇതുവരെയുള്ള സമീപനം. ഭരണകൂടത്തിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നതായും പോപുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.