ഫസല്‍ വധക്കേസ്: കാരായിമാര്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

മൂന്നു മാസത്തിനു ശേഷം എറണാകുളം ജില്ല വിട്ടു പോവാമെന്ന് ഹൈക്കോടതി

Update: 2021-08-05 06:54 GMT

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു.മൂന്നു മാസത്തിനു ശേഷം എറണാകുളം ജില്ല വിട്ട് പോകാമെന്നും അതുവരെ എറണാകുളം ജില്ലയില്‍ തുടരണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്നു മാസം ജില്ല വിട്ടു പോകരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ നേരത്തെ ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എറണാകുളം ജില്ല വിട്ടു പോകാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതു പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇരുവരും എറണാകുളത്തായിരുന്നു താമസം.ഇതിനിടയില്‍ ഇരുവരും നിരവധി തവണ ഇളവ് തേടി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.

എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കൗണ്‍സില്‍ അംഗവും തേജസ് ദിനപ്പത്രത്തിന്റെ ഏജന്റുമായിരുന്ന മുഹമ്മദ് ഫസലിനെ 2006 ഒക്ടോബര്‍ 22 ന് ചെറിയ പെരുന്നാള്‍ തലേന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ സൈക്കിളില്‍ പത്രവിതരണത്തിനു പോവുന്നതിനിടെ സൈദാര്‍ പള്ളിക്കു സമീപം റോഡിലാണ് കൊലപാതകം നടന്നത്.സിപിഎം അനുഭാവിയായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സിബി ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ സി എച്ച് മറിയു സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2008 ഏപ്രില്‍ 5നാണ് സിബിഐ കേസ് ഏറ്റെടുത്തത്. സി പി എം പ്രവര്‍ത്തകനും നിരവധി കൊലക്കേസുകളില്‍ പ്രതിയുമായ ചൊക്ലി മീത്തലെച്ചാലില്‍ എം കെ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് ഒന്നാംപ്രതി. ഇല്ലത്തുതാഴെ വയലാലം നെടിയകുനിയില്‍ ബിജു എന്ന പാച്ചൂട്ടി ബിജു,കോടിയേരി മൂഴിക്കര മൊട്ടമ്മേല്‍ ജിതേഷ് എന്ന ജിത്തു,തലശ്ശേരി തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ വലിയപുരയില്‍ അരുണ്‍ദാസ് എന്ന ചെറിയ അരൂട്ടന്‍,തലശ്ശേരി ഉക്കണ്ടന്‍പീടിക മുണ്ടോത്തുംകണ്ടി എം കെ കലേഷ് എന്ന ബാബു,തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍,കുട്ടിമാക്കൂല്‍ കുതിയില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന കാരായി ചന്ദ്രശേഖരന്‍,തലശ്ശേരി കതിരൂര്‍ താഴേ പുതിയവീട്ടില്‍ രാജന്‍ എന്ന കാരായി രാജന്‍ എന്നിവരാണ് സിബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മറ്റു പ്രതികള്‍.

Tags:    

Similar News