തിരുവനന്തപുരം: സര്‍ക്കാരുമായി തര്‍ക്കം പൊതുജനമധ്യത്തിലെത്തുകയും തുടരുകയും ചെയ്യുന്നതിനിടയില്‍ ഗവര്‍ണര്‍ ആരിഷ് മുഹമ്മദ് ഖാന്‍ നിയമസഭ പാസ്സാക്കിയ അഞ്ച് ബില്ലുകളില്‍ ഒപ്പുവച്ചു. വിവാദ ബില്ലുകള്‍ ഒഴിച്ചുള്ളവയിലാണ് ഒപ്പുവച്ചത്.
സര്‍വകലാശാല, ലോകായുക്ത ബില്ലുകളാണ് സര്‍ക്കാരുമായി തര്‍ക്കത്തിലുള്ളത്. അവ ഒപ്പുവച്ചിട്ടില്ല. പതിനൊന്ന് ബില്ലുകളാണ് ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ഓരോ വകുപ്പിന് ബാധകമായ ബില്ലിലും വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയിരുന്നു. അത് പരിഗണിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.
ലോകായുക്ത നിയമഭേദഗതി ബില്ലും സര്‍വകലാശാല നിയമഭേദഗതി ബില്ലുമായിരുന്നു സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നത്. ഈ ബില്ലുകളില്‍ ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെത്തന്നെ വ്യക്തിമാക്കിയിരുന്നു. ബില്ലുകള്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്.
ഇന്ന് വൈകീട്ട് ഡല്‍ഹിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഒക്ടോബര്‍ മൂന്നിന് തിരിച്ചുവരും.
ഫയലുകളുമായി വരുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കൊണ്ടുവരരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. പകരം സെക്രട്ടറിമാരെ കൊണ്ടുവരണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.