ഇത് ജനങ്ങളുടെ വിജയം; യുഡിഎഫ് കേരളത്തില്‍ അപ്രസ്‌ക്തമാവുന്നു: മുഖ്യമന്ത്രി

Update: 2020-12-16 13:49 GMT

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസ്‌ക്തമാവുന്നുവെന്നും ഇടതുമുന്നണിക്കു ലഭിച്ച വിജയം ജനങ്ങളുടേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടി. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ്. ബിജെപിയുടെ അവകാശ വാദങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമുണ്ടാക്കാനായി. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 ആയി. കഴിഞ്ഞ തവണ 98 ബ്ലോക്കില്‍ ജയിച്ചെങ്കില്‍ ഇക്കുറി 108 എണ്ണമായി വര്‍ധിച്ചു. ആറില്‍ 5 കോര്‍പറേഷനും നേടി. 941 ഗ്രാമപഞ്ചായത്തില്‍ 514 ല്‍ മേല്‍ക്കൈ നേടി. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എല്‍ഡിഎഫ് മല്‍സരിച്ചത്. 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചു.

    ഒറ്റപ്പെട്ട സ്ഥലത്തല്ല എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായത്. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടായി. എല്ലാ വിഭാഗക്കാരും ഒരു ഭേദവുമില്ലാതെ എല്‍ഡിഎഫിനെ പിന്താങ്ങുകയായിരുന്നു. യുഡിഎഫിന് ആധിപത്യമുണ്ടായ പല സ്ഥലത്തും ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് നേതാക്കളുടെ തട്ടകത്തില്‍ പോലും എല്‍ഡിഎഫ് വിജയക്കൊടി നാട്ടി. ഒരിക്കലും കൈവിടില്ലെന്ന് കരുതിയ സ്ഥലത്താണ് അട്ടിമറി സംഭവിച്ചത്. അതിനു കാരണം ആ മുന്നണിയുടെ വിശ്വാസ്യത തകര്‍ന്നുവെന്നതിന് സൂചനയാണ്. ഒന്നിച്ചു നില്‍ക്കുന്നതിന് പകരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ജനം നല്‍കിയ ശിക്ഷയാണിത്. കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലും അധികാരത്തില്‍ ഉണ്ടായിരുന്ന മുന്നണി പിന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണത്തിലുള്ള മുന്നണിക്ക് സംസ്ഥാനത്തുടനീളം സമഗ്ര ആധിപത്യമാണുണ്ടായത്.

    കേരളത്തിന്റെ മനസ്സ് മതനിരപേക്ഷതയ്‌ക്കൊപ്പമാണ്. സന്ധിയില്ലാതെ പോരാടാന്‍ എല്‍ഡിഎഫാണ് ഇവിടെയുള്ളതെന്ന് കേരള ജനത തിരിച്ചറിയുന്നു. വ്യാജവാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിനെ തകര്‍ത്ത് കളയാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയം. വ്യാജവാര്‍ത്തകളും അപവാദങ്ങളും പ്രചരിപ്പിച്ച് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും തകര്‍ക്കാര്‍ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു. മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ തിരിച്ചറിയുന്നവരാണ്. അതിനാല്‍ കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് എല്‍എഡിഎഫിന് വന്‍ പിന്തുണ നല്‍കി. ദുസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ചെയ്ത കാര്യങ്ങളെക്കുറിച്ച് വിമര്‍ശനമുണ്ടായാല്‍ അത് പരിശോധിച്ച് തിരുത്തുന്നതിന് സഹായകമാകും. ചിലര്‍ ഭാവനയിലൂടെ കഥമെനയുകയാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമെ എല്‍ഡിഎഫിനെ ഇകഴ്ത്തിക്കാണിക്കാന്‍ സാധിക്കൂ. ജനം നിലപാട് തീരുമാനിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News