ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം ആശങ്കാജനകമാണെന്ന്് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഏക സിവില്‍ കോഡല്ല, നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിനു വേണ്ടത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ രാജ്യത്തിന്റെ സവിശേഷതകളാണ്. ഗോത്രവര്‍ഗക്കാരും വ്യത്യസ്ഥ ജാതികളും ഈ വൈവിധ്യത്തെ പരിപോഷിപ്പിക്കുന്നു. ഈ വൈവിധ്യങ്ങള്‍ ലയിപ്പിക്കാനുള്ള ഏതൊരു നീക്കവും ജനങ്ങള്‍ക്കിടയില്‍ അശാന്തിയും കലഹങ്ങളും സൃഷ്ടിക്കും. യുക്തിരഹിതമെന്ന് തോന്നുന്ന ഏതെങ്കിലും ആചാരങ്ങളോ കോഡുകളോ മാറ്റുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള തീരുമാനങ്ങള്‍ സമൂഹത്തിനുള്ളില്‍ നിന്നാണ് വരേണ്ടത്. അത് ഏതെങ്കിലും അധികാരികള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.
ബാബരി ഭൂമിയുടെ കാര്യത്തിലെന്നപോലെ ഈ ഹൈക്കോടതി നിര്‍ദേശവും നിയമവിധേയമാക്കി സ്ഥാപിച്ചെടുക്കാന്‍ ഭരണകൂടം ശ്രമിക്കും. ഏകസിവില്‍ കോഡ് ബിജെപി പ്രകടന പത്രികയിലെ ഒരു വാഗ്ദാനമാണ്. അത് നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധപൂര്‍വം ശ്രമിക്കും. എന്നാല്‍ രാജ്യത്ത് മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സംഘപരിവാര ഫാഷിസ്റ്റുകള്‍ ശ്രമിക്കുമ്പോള്‍ അത് സംരക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണ്.
ഒരു സംസ്‌കാരം എന്നത് ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഭാഗമാണ്. ഇതു നിറവേറ്റുന്നതിനാണ് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഏക സിവില്‍ കോഡിന്റെ വക്താക്കള്‍ ഏകസിവില്‍ കോഡ് എന്താണെന്നോ എത്ര പ്രായോഗികമാണെന്നോ ഇതുവരെ രാജ്യത്തോട് പറഞ്ഞിട്ടില്ല. കുറഞ്ഞപക്ഷം നിരവധി ജാതികള്‍ ഉള്‍ക്കൊള്ളുന്ന ഹിന്ദു സമൂഹത്തിലെങ്കിലും ഇത് നടപ്പാക്കി കാണിക്കണം. ഏക സിവില്‍ കോഡല്ല, മറിച്ച് നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ പൈതൃകം. അതിനെ നാശത്തില്‍ നിന്നു രക്ഷിക്കുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ ജുഡീഷ്യറി കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എം കെ ഫൈസി പറഞ്ഞു.
Unity in divarsity, not uniform civil code is what the country needs: SDPI