യുപി വ്യവസായ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ കൂറുമാറ്റത്തില്‍ അമ്പരന്ന് ബിജെപി; കൂടുതല്‍ നേതാക്കള്‍ ബിജെപി വിട്ടേക്കുമെന്ന് സൂചന
പ്രസാദ് മൗര്യ തന്റെ രാജിക്കാര്യം ട്വിറ്ററിലൂടെ പരസ്യമാക്കിയതിന് പിന്നാലെ എംഎൽഎമാരായ റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ എന്നിവരും രാജി പ്രഖ്യാപിച്ചു.
ലഖ്‌നൗ: ഗോവയ്ക്കു പിന്നാലെ ഉത്തർപ്രദേശിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂറു മാറ്റം. ബിജെപിക്കും യോഗി ആദിത്യനാഥിനും കനത്ത വെല്ലുവിളി ഉയർത്തി ഒരു മന്ത്രിയും മൂന്ന് എംഎൽഎമാരുമാണ് പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. യോഗി മന്ത്രിസഭയിൽ കാബിനറ്റ് പദവിയിലുള്ള തൊഴിൽ-വ്യവസായ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് അഖിലേഷ് യാദവിനൊപ്പം ചേർന്നത്.
പ്രസാദ് മൗര്യ തന്റെ രാജിക്കാര്യം ട്വിറ്ററിലൂടെ പരസ്യമാക്കിയതിന് പിന്നാലെ എംഎൽഎമാരായ റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ എന്നിവരും രാജി പ്രഖ്യാപിച്ചു. ജനസമ്മതിയുള്ള ഒബിസി-പിന്നാക്ക വിഭാഗം നേതാവും അഞ്ചു തവണ എംഎൽഎയുമായ സ്വാമി പ്രസാദ് മൗര്യ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) വിട്ട് 2016ൽ ബിജെപിയിൽ ചേർന്നയാളാണ്.
അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയെ എതിരിടാൻ ഒബിസി വോട്ടർമാരിലെ നിർണായക വിഭാഗത്തെ ആകർഷിക്കാനുള്ള ബിജെപി പദ്ധതികളിൽ അദ്ദേഹവും ഭാഗവാക്കായിരുന്നു. മൗര്യയുടെ അതേപാത പിന്തുടർന്ന് ബിഎസ്പിയിൽ നിന്ന് ബിജെപിയിൽ എത്തിയ നേതാക്കളാണ് പാർട്ടിമാറിയ മൂന്ന് എംഎൽഎമാരും.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ അമിത്ഷായും യോഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് മന്ത്രിയുടെ രാജി വാർത്ത എന്നതും ശ്രദ്ധേയമാണ്. 'ആദർശത്തിൽ എതിരഭിപ്രായമുണ്ടായിരുന്നിട്ടും അർപ്പണബോധത്തോടെയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ഞാൻ പ്രവർത്തിച്ചത്. എന്നാൽ ദലിതർ, ഒബിസി വിഭാഗക്കാർ, കർഷകർ, തൊഴിൽ രഹിതർ, ചെറുകിട വ്യവസായികൾ എന്നിവരോടുള്ള ബിജെപി സമീപനം കാരണം പാർട്ടിയിൽ നിന്ന് ഞാൻ രാജിവയ്ക്കുകയാണ്'- സ്വാമി പ്രസാദ് മൗര്യ രാജിക്കത്തിൽ കുറിച്ചു. താൻ പാർട്ടി വിട്ടതിന്റെ ക്ഷീണമെന്തെന്ന് ഈ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് വ്യക്തമാവുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വാമി പ്രസാദ് മൗര്യ രാജിക്കത്ത് ട്വീറ്റ് ചെയ്ത ഉടനെ അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചു. മന്ത്രിയെയും അനുയായികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത അഖിലേഷ്, 2022ൽ തീർച്ചയായും കാര്യങ്ങൾ മാറിമറിയുമെന്നും വ്യക്തമാക്കി.
അതേസമയം, എന്തുകൊണ്ടാണ് സ്വാമി പ്രസാദ് മൗര്യ രാജിവച്ചതെന്ന് തനിക്കറിയില്ലെന്നും പാർട്ടി ബന്ധം ഉപേക്ഷിക്കരുതെന്ന് അദ്ദേഹത്തോട് താൻ അഭ്യർഥിക്കുന്നുവെന്നും ബിജെപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വിറ്ററിലൂടെ അറിയിച്ചു. തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കരുത്, നമുക്ക് ചർച്ചചെയ്യാമെന്നും ബിജെപി നേതാവ് മൗര്യയോട് അഭ്യർഥിച്ചു.
മന്ത്രിയുടെ പെട്ടെന്നുള്ള പാർട്ടി മാറ്റം ബിജെപി നേതാക്കൾക്കും അണികൾക്കും അമ്പരപ്പ് ഉളവാക്കിയപ്പോൾ പ്രതിപക്ഷത്തിന് ശുഭാപ്തി വിശ്വാസം വർധിക്കുകയാണുണ്ടായത്. മൗര്യക്കും മൂന്ന് എംഎൽഎമാർക്കും പിന്നാലെ കൂടുതൽ നേതാക്കളെ ബിജെപി പാളയത്തിൽ നിന്ന് അടർത്തിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാർട്ടി.