കര്‍ണാടക: എംഎല്‍എയുടെ മകനുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച് യെദ്യൂരപ്പ
നാഗനഗൗഡയെ കൂറുമാറ്റാന്‍ യെദ്യൂരപ്പ അദ്ദേഹത്തിന്റെ മകന് പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്‌തെന്നു കോണ്‍ഗ്രസും കുമാരസ്വാമിയും നേരത്തെ ആരോപിച്ചിരുന്നു. ഇതിനുതെളിവായി ശബ്ദരേഖയും അവര്‍ പുറത്തുവിട്ടു. ഇതോടെയാണു കൂടിക്കാഴ്ച നടത്തിയെന്നു യെദ്യൂരപ്പക്കു സമ്മതിക്കേണ്ടി വന്നത്.
ബംഗ്ലൂരു: കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ചെടുക്കുന്നതിനു ബിജെപി നടത്തിയ ശ്രമങ്ങള്‍ പുറത്ത്. ജനതാദള്‍ എംഎല്‍എ നാഗന ഗൗഡയുടെ മകന്‍ ശരണ ഗൗഡയുമായി കൂടിക്കാഴ്ച നടത്തിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ സമ്മതിച്ചു. നാഗനഗൗഡയെ കൂറുമാറ്റാന്‍ യെദ്യൂരപ്പ അദ്ദേഹത്തിന്റെ മകന് പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്‌തെന്നു കോണ്‍ഗ്രസും കുമാരസ്വാമിയും നേരത്തെ ആരോപിച്ചിരുന്നു. ഇതിനുതെളിവായി ശബ്ദരേഖയും അവര്‍ പുറത്തുവിട്ടു. ഇതോടെയാണു കൂടിക്കാഴ്ച നടത്തിയെന്നു യെദ്യൂരപ്പക്കു സമ്മതിക്കേണ്ടി വന്നത്. ശബ്ദരേഖ വ്യാജമാണെന്നും ആരുമായും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമായിരുന്നു നേരത്തെ യെദ്യൂരപ്പ വാദിച്ചിരുന്നത്. എന്നാല്‍ നിഷേധിക്കാനാവത്ത തെളിവുകള്‍ പുറത്തു വന്നതോടെ കൂടിക്കാഴ്ച നടത്തിയെന്നു യെദ്യൂരപ്പ സമ്മതിക്കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എയുടെ മകന്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതെന്നു യെദിയൂരപ്പ ആരോപിച്ചു. ജനപ്രതിനിധികളെ ഇകഴ്ത്തി കാണിക്കാനാണു കുമാരസ്വാമി ശ്രമിക്കുന്നത്. എംഎല്‍എയുടെ മകന്‍ ശരണ ഗൗഡയുമായി കൂടിക്കാഴ്ച നടത്തിയത് ശരിയാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ പുറത്തു വിട്ടത് പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള ശബ്ദരേഖയാണ്. താന്‍ സ്പീക്കര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. സ്പീക്കര്‍ കെ ആര്‍ രമേഷ് സത്യസന്ധനായ വ്യക്തിയാണ്. മുഖ്യമന്ത്രി കുമാരസ്വാമിയുടേതു ഗൂഢാലോചനാ രാഷ്ട്രീയമാണെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി