റസൂല്‍ പൂക്കുട്ടിയുടെ 'ദ് സൗണ്ട് സ്‌റ്റോറി' ഓസ്‌കര്‍ മത്സരവിഭാഗത്തില്‍

91ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലേയ്ക്ക് പരിഗണിക്കുന്ന 347 സിനിമളില്‍ ഒന്ന് സൗണ്ട് സ്‌റ്റോറിയാണ്.

Update: 2018-12-25 14:36 GMT

തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിരുന്നിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ദ് സൗണ്ട് സ്‌റ്റോറി ഓസ്‌കര്‍ മല്‍സര വിഭാഗത്തിലേക്ക്. 91ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലേയ്ക്ക് പരിഗണിക്കുന്ന 347 സിനിമളില്‍ ഒന്ന് സൗണ്ട് സ്‌റ്റോറിയാണ്. മികച്ച ചിത്രത്തിനുള്ള പരിഗണപട്ടികയിലേയ്ക്കാണ് സൗണ്ട് സ്‌റ്റോറിയും മത്സരിക്കുന്നത്. 1970ലാണ് ഇതിനു മുമ്പ് ഇത്രയധികം സിനിമകള്‍ മികച്ച സിനിമാ വിഭാഗത്തിലേയ്ക്ക് പരിഗണിക്കപ്പെട്ടത്. ജനുവരി 22നാണ് ഓസ്‌കര്‍ നാമനിര്‍ദേശപട്ടിക പുറത്തുവിടുക. ഫെബ്രുവരി 24നാണ് ഓസ്‌കര്‍ പ്രഖ്യാപനം.


ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണമൊരുക്കി, നായകനാകുന്ന ചിത്രമാണ് ദ് സൗണ്ട് സ്‌റ്റോറി. കഴിഞ്ഞ തൃശൂര്‍ പൂരം തല്‍സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയത്. മേളപ്പെരുക്കങ്ങളും പുരുഷാരത്തിന്റെ ആര്‍പ്പുവിളിയും വെടിക്കെട്ടുമെല്ലാം റസൂല്‍ പൂക്കുട്ടി പൂരമ്പറമ്പില്‍ നിന്ന് ഒപ്പിയെടുത്തു. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജ് ആണ് സംഗീതം. പാംസ്‌റ്റോണ്‍ മള്‍ടിമീഡിയയും പ്രസാദ് പ്രഭാകര്‍ പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മാണം.

അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രം. നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ശബ്ദങ്ങളുടെ പൂരം പൂര്‍ണമായും ആസ്വദിക്കാന്‍ എ ട്രാവലോഗ് വിത്ത് റസൂല്‍ പൂക്കുട്ടി എന്ന നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്റെറിയും ഒരുക്കുന്നുണ്ട്.

'ദ് സൗണ്ട് സ്‌റ്റോറി' ഓസ്‌കര്‍ മല്‍സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ പങ്കുവച്ചു. ഈ ബഹുമതി വടക്കുംനാഥന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു പൂക്കുട്ടിയുടെ ട്വീറ്റ്.




Tags:    

Similar News