പ്രളയം തകര്‍ത്തെറിഞ്ഞ ആലപ്പുഴയിലെ പാടങ്ങള്‍ കതിരണിഞ്ഞു

മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പാടത്ത് വിത്തിറക്കിയാണ് കര്‍ഷകര്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ചത്. വിളഞ്ഞു നില്‍ക്കുന്ന പാടങ്ങളില്‍ കൊയ്ത്തും ആരംഭിച്ചു. പ്രളയശേഷമുള്ള ആദ്യ കൊയ്ത്തിനെ കരുവാറ്റ ചാലുങ്കല്‍ പാടശേഖരം ആഘോഷമാക്കി.

Update: 2019-01-12 12:19 GMT

ആലപ്പുഴ: പ്രളയം തകര്‍ത്തെറിഞ്ഞ ആലപ്പുഴയിലെ പാടങ്ങളില്‍ അതിജീവനത്തിന്റെ പ്രതീകമായി പൊന്‍കതിരുകള്‍. ആലപ്പുഴയിലെ കര്‍ഷകരുടെ അതിജീവനത്തിന് ഒരു പ്രത്യേകതയുണ്ട്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പാടത്ത് വിത്തിറക്കിയാണ് കര്‍ഷകര്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ചത്. വിളഞ്ഞു നില്‍ക്കുന്ന പാടങ്ങളില്‍ കൊയ്ത്തും ആരംഭിച്ചു. പ്രളയശേഷമുള്ള ആദ്യ കൊയ്ത്തിനെ കരുവാറ്റ ചാലുങ്കല്‍ പാടശേഖരം ആഘോഷമാക്കി. ജൂലൈ, ആഗസ്ത് മാസങ്ങളിലെ മഴയും പ്രളയവും കൃഷിയിടങ്ങളെ തകര്‍ത്തതോടെ ആലപ്പുഴയിലെ കര്‍ഷകരുടെ കണ്ണീരുണക്കാന്‍ കൃഷി വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുകയായിരുന്നു.

കൃഷിവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് കൃഷിക്കാവശ്യമായ 3750 ടണ്‍ നെല്‍വിത്ത് സൗജന്യമായി നല്‍കി. 15 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. സബ്‌സിഡി നിരക്കില്‍ കുമ്മായവും വിതരണം ചെയ്തു. പാടശേഖരങ്ങളില്‍ അടിഞ്ഞുകൂടിയ എക്കല്‍ നീക്കം ചെയ്യാന്‍ ഹെക്ടറിന് 12,200 രൂപ വീതമാണ് നിശ്ചയിച്ചത്. ഇതിന്റെ ആദ്യഘട്ടം വിതരണം പൂര്‍ത്തിയായി. മടവീഴ്ചയും ബണ്ട് ഒലിച്ചുപോകലും കാരണം പ്രതിസന്ധിയിലായ 150 ഓളം പാടശേഖരങ്ങള്‍ക്ക് ഇവ പുനര്‍നിര്‍മ്മിക്കാന്‍ 5 കോടി രൂപ അനുവദിച്ചു. ഇതിന്റെ ആദ്യഘട്ട വിതരണവും പൂര്‍ത്തിയായി.

കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമായി 20 കോടി രൂപയും വിള ഇന്‍ഷുറന്‍സ് തുകയില്‍ 5 കോടിയും വിതരണം ചെയ്തു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കഴിഞ്ഞ തവണ 23,000 ഹെക്ടര്‍ സ്ഥലത്തായിരുന്ന നെല്‍കൃഷി ഇത്തവണ 28,700 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. അത് 30,000 ഹെക്ടറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News