ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ധനുഷ്‌കോടി ദേശീയപാതയില്‍ യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളകം കവലയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വാളകം പാലന്നാട്ടില്‍ കവല അയ്യപ്പിള്ളില്‍ ജോര്‍ജിന്റെ മകന്‍ ദയാല്‍ ജോര്‍ജ് (36) ആണ് മരിച്ചത്. വാളകം കവലയില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സംസ്‌കാരം പിന്നീട്.
അപകടം നടന്ന ശേഷം റോഡില്‍ പരുക്കേറ്റ് കിടന്ന ദയാലിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. പ്രദേശത്തെ ഓട്ടോറിക്ഷക്കാരെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടര്‍ന്ന് ഇന്ന് നാട്ടുകാര്‍ ഓട്ടോറിക്ഷകള്‍ തടഞ്ഞ് പ്രതിഷേധിച്ചു. മാതാവ്: ലീല, സഹോദരി: നിഞ്ചു.