എറണാകുളം: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ എറണാകുളത്ത് ഒരാള്‍ കൂടി പിടിയില്‍. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് എറണാകുളം സൈബര്‍ പോലിസ് പിടികൂടിയത്. കണ്ണൂരില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. കാക്കനാട് സ്വദേശിനിയെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് കോടികള്‍ തട്ടിയ രണ്ട് പേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് മുഫാസില്‍, കോഴിക്കോട് സ്വദേശി മീശബ് എന്നിവരെയാണ് എറണാകുളം സൈബര്‍ പോലിസ് പിടികൂടിയത്.
പരാതിക്കാരിയുടെ പേരില്‍ ഡല്‍ഹി ഐസിഐസി ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും, അതുപയോഗിച്ച് സന്ദീപ് കുമാര്‍ എന്നയാള്‍ മനുഷ്യക്കടത്തക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും യുവതിക്കെതിരെ ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് പണം നിയമപരമാണെന്ന് ഉറപ്പുവരുത്തുന്നതിനായി പണം കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉറവിടം കാണിക്കാന്‍ തെളിവ് വേണമെന്നും പറയുകയായിരുന്നു. ഭീഷണിക്ക് പിന്നാലെ യുവതി തന്റെ മൂന്ന് എസ്ബിഐ അക്കൗണ്ടുകളില്‍ നിന്ന് നാല് കോടി രൂപ ഇവരുടെ ആക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ബന്ധപ്പെടാതിരുന്നതോടെ സൈബര്‍ പോലിസില്‍ യുവതി പരാതിപ്പെടുകയും ഇവരെ പിടികൂടുകയുമായിരുന്നു.