യുവാവിനെ ദാരുണമായി ചവിട്ടിക്കൊലപ്പെടുത്തിയ സംഭവം: മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ

വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തി മുഴുവന്‍ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷ ഉറപ്പു വരുത്തി മനോജിന്റെ കുടുംബത്തിനു നീതി നടപ്പാക്കണമെന്നും എസ്ഡിപി ഐ നേതാക്കള്‍ ആവശ്യപ്പെട്ടു

Update: 2022-02-15 11:26 GMT

നോര്‍ത്ത് പറവൂര്‍: കേവലം 35 രൂപ കടത്തിന്റെ പേരില്‍ വാണിയക്കാട് യുവാവിനെ അതി ദാരുണമായി ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍, പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ്, സെക്രട്ടറി നിഷാദ് അഷറഫ്, കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സംജാദ് ബഷീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മനോജിന്റെ വീട് സന്ദര്‍ശിച്ച് മാതാവിനെയും സഹോദരങ്ങളെയും കണ്ടു സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരിരുന്നു നേതാക്കള്‍.ആര്‍ക്കും ഒരുപദ്രവും ചെയ്യാത്ത തന്റെ മകനോട് അവര്‍ ചെയ്തത് കൊടും ക്രൂരതയാണെന്നും ഇനിയാര്‍ക്കും ഇത്തരം ഗതി വരാതിരിക്കാന്‍ ഇതു ചെയ്തവര്‍ക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അമ്മയും സഹോദരങ്ങളും അറിയിച്ചു.

ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി തന്നെ അക്രമിച്ചവരെ കുറിച്ച് മനോജ് പറഞ്ഞതനുസരിച്ച് നാലു പേരുണ്ടായിരുന്നെന്നും മനോജിന്റെ സുഹൃത്ത് സനലും ദൃക്‌സാക്ഷികളായ സതീശനും മാതാവും മൊഴി നല്‍കിയതിലുള്ള അജി കുട്ടന്‍, ബിജു എന്നിവരെ അറസ്റ്റു ചെയ്യാത്തത് എന്താണെന്നറിയില്ലെന്നും അവര്‍ പറയുന്നു..

സി പി എം പ്രവര്‍ത്തകരായ ഇവരെ കേസില്‍ നിന്നൊഴിവാക്കാന്‍ പ്രദേശിക സിപിഎം നേതൃത്വങ്ങളുടെ ഇടപെടലുകളുണ്ടെന്ന് അന്വേഷണത്തില്‍ മനസ്സിലാകുന്നു. ഇത്തരം സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തി മുഴുവന്‍ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷ ഉറപ്പു വരുത്തി മനോജിന്റെ കുടുംബത്തിനു നീതി നടപ്പാക്കണമെന്നും എസ്ഡിപി ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News