ലോക്ക് ഡൗണില്‍ പച്ചക്കറിയുടെ മറവില്‍ കടത്തിയ കര്‍ണാടക മദ്യം പിടികൂടി

Update: 2021-05-14 10:55 GMT

ഇരിട്ടി: ലോക്ക് ഡൗണിനിടെ പച്ചക്കറിയുടെ മറവില്‍ ഒളിപ്പിച്ചു കടത്തിയ 155 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കെഎല്‍ 18 എച്ച് 5679 മിനിലോറിയില്‍ കടത്തിയ മദ്യം പിടികൂടിയത്. മദ്യം കടത്തിയ നാദാപുരം വിഷ്ണുമംഗലത്ത് താമസിക്കുന്ന സി സി രതീഷ്(39) എന്നയാളെ അറസ്റ്റ് ചെയ്തു. ലോക് ഡൗണ്‍ കാലത്ത് കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഉയര്‍ന്ന വിലക്ക് അനധികൃത വില്‍പ്പന നടത്താനാണ് കര്‍ണാടകയില്‍ നിന്നു മദ്യം കടത്തിക്കൊണ്ടു വന്നതെന്ന് ഇയാള്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എ അനീഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി സി ഷാജി, കെ സി ഷിബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം കെ വിവേക്, ടി വി ശ്രീകാന്ത് എന്നിവരും പങ്കെടുത്തു. ലഹരി- മദ്യക്കടത്ത് തടയാനായി കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Karnataka liquor smuggled seized under lockdown


Tags:    

Similar News